9 വയസ്സുകാരിയുടെ വയറ്റില് നിന്ന് ഒരു കിലോഗ്രാം വരുന്ന മുടിക്കെട്ട് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
ശസ്ത്രക്രിയയ്ക്ക് ശേഷം പെണ്കുട്ടി സുഖം പ്രാപിച്ചു വരുന്നു.
നെയ്യാറ്റിന്കര സ്വദേശിയായ പെണ്കുട്ടിക്കാണ് നിംസ് മെഡിസിറ്റിയില് വെച്ച് അപൂര്വമായ ശസ്ത്രക്രിയ നടത്തിയത്.
അപൂര്‍വ മാനസികാവസ്ഥയെത്തുടര്ന്ന് സ്വന്തം തലമുടി വിഴുങ്ങിയ ഒന്പത് വയസ്സുകാരിയുടെ വയറ്റില് നിന്ന് ഒരു കിലോഗ്രാം വരുന്ന തലമുടിക്കെട്ട് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. നെയ്യാറ്റിന്കര സ്വദേശിയായ പെണ്കുട്ടിക്കാണ് നിംസ് മെഡിസിറ്റിയില് വെച്ച് അപൂര്വമായ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം പെണ്കുട്ടി സുഖം പ്രാപിച്ചു വരുന്നു.
തുടര്ച്ചയായ വയറുവേദനയും ഛര്ദിയും അനുഭവപ്പെട്ടതിനെ തുടര്ന്നാണ് കുട്ടിയെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. തുടര്ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കുട്ടിയെ ബാധിച്ചിരിക്കുന്നത് ലോകത്തില് നൂറില് താഴെ ആളുകളില്‍ മാത്രം റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുള്ള 'റാപന്‌സല് സിന്‌ഡ്രോം' എന്ന അപൂര്വ രോഗാവസ്ഥയാണെന്ന് ഡോക്ടര്മാര് സ്ഥിരീകരിച്ചത്.
മാനസിക സമ്മര്ദം, അരക്ഷിതാവസ്ഥ തുടങ്ങിയ കാരണങ്ങളാല് കുട്ടികള് സ്വന്തം മുടി പിടിച്ചുവലിച്ചു പറിച്ചെടുത്ത് വിഴുങ്ങുന്ന ശീലമാണിത്. മാസങ്ങളോളം ആമാശയത്തില് കിടക്കുന്ന മുടി ദഹിക്കാതെ കുടലില് കട്ടിയുള്ള തടസ്സമായി മാറുകയായിരുന്നു.
നിംസ് മെഡിസിറ്റിയിലെ പീഡിയാട്രിക് സര്ജറി വിഭാഗം സീനിയര് കണ്‌സല്റ്റന്റ് ഡോ. ബിജു ഐ.ജി. നായരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ഡോക്ടര്മാരുടെ സംഘമാണ് സങ്കീര്ണ്ണമായ ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ വയറ്റില് നിന്നുള്ള തലമുടിക്കെട്ട് പുറത്തെടുത്തത്. ശസ്ത്രക്രിയ വിജയകരമായി പൂര്ത്തിയാക്കി ആശുപത്രി വിട്ട കുട്ടി ഇപ്പോള് പൂര്ണ്ണ ആരോഗ്യവതിയാണെന്നും ഭക്ഷണം കഴിച്ചു തുടങ്ങിയെന്നും ഡോക്ടര്മാര് വ്യക്തമാക്കി.