വയനാട്ടിൽ വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു

 

പുൽപള്ളി: ആശങ്കയുയർത്തി വയനാട്ടിൽ വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു. പൂതാടി പഞ്ചായത്തിലെ ഇരുളം കല്ലോണിക്കുന്ന് താന്നിക്കൽ തോമസിന്റെ ഫാമിലെ പന്നികളാണ് രോഗം ബാധിച്ചുകൂട്ടത്തോടെ ചത്തത്.പോസ്റ്റ്മോർട്ടത്തിന് ശേഷം നടത്തിയ സാമ്പിൾ പരിശോധനയിലാണ് പന്നിപ്പനിയാലാണ് ഇവ ചത്തതെന്ന് സ്ഥിരീകരിച്ചത്. 95ലേറെ പന്നികൾ രോഗം ബാധിച്ച് ചത്തിട്ടുണ്ട്. അവശേഷിക്കുന്ന 50 ഓളം പന്നികളെ മൃഗസംരക്ഷണ വകുപ്പിന്റെ പ്രത്യേക ദൗത്യസംഘം കൊന്നുമറവ് ചെയ്യും.

ഒരു കിലോമീറ്റർ ചുറ്റളവിൽ പനി പടർന്നുപിടിക്കാൻ സാധ്യതയുള്ളതിനാൽ ഈ ദൂരപരിധിയിൽ വരുന്ന എല്ലാ പന്നിഫാമുകളിലെയും പന്നികളെ കൊന്ന് മറവ് ചെയ്യാനും തീരുമാനമായതായി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി സാബു പറഞ്ഞു.

പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും പ്രത്യേക ദൗത്യസംഘത്തിന്റെയും സഹായത്തോടെയാണ് പന്നികളെ കൊന്നു മറവ്ചെയ്യുക. കഴിഞ്ഞ മാസം 26 മുതലാണ് പന്നികൾ ചത്തൊടുങ്ങിയത്. 15 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ പറഞ്ഞു.