പാനൂരിൽ കോൺഗ്രസ് പ്രവർത്തകനെ അക്രമിച്ച രണ്ടു ആർ.എസ്.എസുകാർ അറസ്റ്റിൽ

പാനൂർ പന്ന്യന്നൂരിൽ തെയ്യം മഹോത്സവത്തിനിടെ നടന്ന രാഷ്ട്രീയ സംഘ‍ര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് ആ‍ര്‍ എസ് എസ് പ്രവര്‍ത്തകരെ പാനൂർ  പൊലീസ് അറസ്റ്റ് ചെയ്തു.  കോൺഗ്രസ് പ്രവർത്തകനായ സന്ദീപിനെ അക്രമിച്ച കേസിലാണ് അറസ്റ്റ്. 
 

തലശേരി: പാനൂർ പന്ന്യന്നൂരിൽ തെയ്യം മഹോത്സവത്തിനിടെ നടന്ന രാഷ്ട്രീയ സംഘ‍ര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് ആ‍ര്‍ എസ് എസ് പ്രവര്‍ത്തകരെ പാനൂർ  പൊലീസ് അറസ്റ്റ് ചെയ്തു.  കോൺഗ്രസ് പ്രവർത്തകനായ സന്ദീപിനെ അക്രമിച്ച കേസിലാണ് അറസ്റ്റ്. 

ആർ എസ്എസ് പ്രവർത്തകരായ എം കെ അതുൽ, പി കെ അനിൽകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പന്ന്യന്നൂർ കുറുമ്പക്കാവ് തിറ മഹോത്സവത്തിനിടെയാണ് സംഭവം. ആ‍ര്‍ എസ് എസ് – കോൺഗ്രസ് പ്രവ‍ര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. കോൺഗ്രസ് പ്രവർത്തകൻ സന്ദീപിനും ആർഎസ്എസ് പ്രവർത്തകരായ അനീഷ്, അതുൽ എന്നിവരും സംഘ‍ര്‍ഷത്തിന് പിന്നാലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. 

ഇരുവിഭാഗത്തിന്റെയും പരാതിയിൽ വധശ്രമത്തിന് പാനൂർ പൊലീസ് കേസെടുത്തിരുന്നു. തിറ മഹോത്സവത്തിന്റെ സംഘാടനം സംബന്ധിച്ചുള്ള തർക്കം രാഷ്ട്രീയ സംഘർഷമായി മാറുകയായിരുന്നുവെന്നാണ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് അറിയിച്ചത്. 

കോൺഗ്രസ് പ്രവര്‍ത്തകൻ സന്ദീപിന്റെ പരിക്കുകൾ സാരമുള്ളതായിരുന്നു. ഇദ്ദേഹത്തിന്റെ കാലിനും തലക്കുമാണ് പരിക്കുകൾ. സന്ദീപ് തലശേരി ഇന്ദിര ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. 100 ഓളം കോൺഗ്രസ് പ്രവർത്തകർ എത്തി അനീഷിനെ ആക്രമിച്ചെന്നാണ് ആർ എസ് എസ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഇയാളും തലശേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.