പൂവിളിയായി ; തൃശൂര്‍ പൂരം നാളെ

 


തൃശൂര്‍: ഇന്നു പൂരവിളംബരം കഴിയുന്നതോടെ മേളവും താളവും വര്‍ണവും ഒരുമിച്ചൊരേ കുടക്കീഴിലാകും. ഇന്നു രാവിലെ 11നു നൈതലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി കൊമ്പന്‍ ശിവകുമാര്‍ തെക്കേഗോപുരനട തളളിത്തുറക്കുന്നതോടെ പൂര ചടങ്ങുകള്‍ക്ക് അരങ്ങുണരും. സാമ്പിള്‍ മിന്നിത്തിളങ്ങിയതോടെ പൂരാവേശത്തിനു അഴകേറി. നാളെ രാവിലെ കണിമംഗലം ശാസ്താവ് എഴുന്നള്ളിയെത്തുന്നതോടെ പൂരം കണ്‍മുന്നിലേക്കെത്തും.  മനോഹരദൃശ്യമായി യുനെസ്‌കോയുടെ പട്ടികയില്‍ ഇടംപിടിച്ച തൃശൂര്‍പൂരത്തിന്റെ സൗന്ദര്യം ഒപ്പിയെടുക്കാന്‍ വിദേശ ചാനലുകളടക്കം രംഗത്ത്. 
ചൊവ്വാഴ്ച്ച രാവിലെ 11.30 ന് നടുവില്‍മഠത്തില്‍ തിരുവമ്പാടിയുടെ മഠത്തില്‍വരവു തുടങ്ങും. വാദ്യത്തിന്റെ മാധുര്യം ആവോളം നുകരാന്‍ ജനക്കൂട്ടം ഒഴുകിയെത്തും. 300 ഓളം പേരുടെ ചെണ്ടക്കോലുകള്‍ ഒരേ താളത്തില്‍ ഉയരുന്ന പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളം ഉച്ചയ്ക്കു രണ്ടിനാണ്. ഇതു കൂട്ടിത്തട്ടുമ്പോഴേക്കും ആവേശം പെരുത്തുകയറും. വൈകീട്ട് നാലരയ്ക്ക് പ്രസിദ്ധമായ തെക്കോട്ടിറക്കത്തിലാണ് കുടമാറ്റം. 11 നു പുലര്‍ച്ചെ മൂന്നിനാണ് വെടിക്കെട്ട്. 

ഇന്നലെ ചായക്കൂട്ടുകള്‍ പെയ്‌തെറിഞ്ഞ ചമയപ്രദര്‍ശനത്തിലൂടെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ പൂരാവേശത്തെ നീരാട്ടാക്കി. കര്‍ശനസുരക്ഷയാണ്   ഒരുക്കിയിട്ടുള്ളത്. 4000 പോലീസുകാരെ വിന്യസിച്ചു. സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി.