തൃശൂർ പൂരം :  ആനകളെ പങ്കുവയ്ക്കുന്നത് പാനല്‍ ഉണ്ടാക്കി 

 

തൃശൂര്‍: ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് വന്‍ മത്സരമായിരുന്നു മുന്‍കാലങ്ങളില്‍ നടന്നിരുന്നത്. ഒരുവിഭാഗം ബുക്കുചെയ്ത് എത്തിക്കുന്ന ആനകളെ വഴിക്കുവച്ച് മറുവിഭാഗം അടിച്ചുമാറ്റിയിരുന്നു. പാപ്പാനെ മദ്യമോ പണമോ നല്‍കി മയക്കി ആനയെ നിശ്ചിതസമയത്ത് എത്തിക്കാതിരിക്കുകയെന്ന തന്ത്രവും ചിലര്‍ പുറത്തെടുത്തിരുന്നു.  

വി.ഐ.പി. ആനകള്‍ എത്തുന്നതുവരെ സംഘാടകരുടെ മനസില്‍ ചങ്കിടിപ്പാകും. പിന്നീട് ആനകളെ പരസ്പരം പങ്കുവയ്ക്കുന്ന രീതിയായി. ഓരോവര്‍ഷവും ഊഴമിട്ട് ഓരോ ദേവസ്വങ്ങളും ആനകളുടെ ലിസ്റ്റ് തയ്യാറാക്കും. രണ്ടുലിസ്റ്റുകളാണ് തയ്യാറാക്കുക. അതില്‍നിന്ന് ഏതു ലിസ്റ്റ് തെരഞ്ഞെടുക്കണമെന്നതു സംബന്ധിച്ച് പാനല്‍ തയ്യാറാകാത്ത ദേവസ്വത്തിനു തീരുമാനിക്കാം. പാനല്‍ തയ്യാറാക്കുന്നത് ഏതു ദേവസ്വമാണോ അവര്‍ക്ക് രണ്ടാം പരിഗണനയേ ലഭിക്കുകയുള്ളൂ.
ഫലത്തില്‍ ലക്ഷണമൊത്ത കൊമ്പന്മാരെ ഇരുലിസ്റ്റിലും ഉള്‍പ്പെടുത്താന്‍ ലിസ്റ്റ് തയ്യാറാക്കുന്ന ദേവസ്വം നിര്‍ബന്ധിതമാകും. 

കുറച്ചു വര്‍ഷങ്ങളായി ഈ രീതിയാണ് ആനകളെ തെരഞ്ഞെടുക്കുന്നതില്‍ പിന്തുടരുന്നത്. മുമ്പ് ആനകളെ സ്വന്തമാക്കാന്‍ വന്‍തുക നല്‍കേണ്ട സ്ഥിതിയായിരുന്നുവെങ്കില്‍ സംയുക്ത തെരഞ്ഞെടുപ്പു രീതി വന്നതോടെ ആ നിലയ്ക്കും കുറേ ലാഭമുണ്ടാക്കാനാകുമെന്ന സ്ഥിതിവന്നു. അതേസമയം ആനകള്‍ക്ക് പൂരം എഴുന്നള്ളിപ്പില്‍ ഏറ്റതുകയ്ക്ക് ആരും കൃത്യമായി കണക്കുപറയാറില്ലെന്നത് വേറെകാര്യം.

 തൃശൂര്‍പൂരത്തിന് എഴുന്നള്ളിച്ച ആനയെന്ന ഖ്യാതി നേടാനായാല്‍ അത് പൊതുവെ കൊമ്പന്റെ മാര്‍ക്കറ്റ്‌റേറ്റിങ് ഉയര്‍ത്തുമെന്നതാണ് വസ്തുത. പൂരത്തിനു വന്ന ആന എന്ന ബ്രാന്‍ഡ് പൊതുവിപണിയില്‍ കൊമ്പന്‍ ബ്രിഗേഡിനു വലിയ ഗുണം ചെയ്യും.