തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ വീണ്ടും ഗുരുതര വീഴ്ച: അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം
പോസ്റ്റ്‌മോര്‍ട്ടം നടത്താതെ വിട്ടുകൊടുത്തു

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ വീണ്ടും ഗുരതര വീഴ്ച. വാഹനാപകടത്തില്‍ പരുക്കേറ്റ് മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താതെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പിഴവ് മനസിലായപ്പോള്‍
 
 ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം വീണ്ടും തിരിച്ചുവാങ്ങി പോസ്റ്റ്‌മോര്‍ട്ടം നടത്തി

തൃശൂര്‍: തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ വീണ്ടും ഗുരതര വീഴ്ച. വാഹനാപകടത്തില്‍ പരുക്കേറ്റ് മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താതെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പിഴവ് മനസിലായപ്പോള്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുത്ത മുതദേഹം തിരിച്ചുവാങ്ങി പോസ്റ്റുമോര്‍ട്ടം നടത്തി.

വടക്കാഞ്ചേരി ഒന്നാംകല്ല് സ്വദേശി പട്ടിശേരി വളപ്പില്‍ യൂസഫിന്റെ (46) മൃതദേഹമാണ് സംസ്‌കാരത്തിനു മുമ്പ് ബന്ധുക്കളില്‍നിന്നും തിരിച്ചുവാങ്ങി മെഡിക്കല്‍ കോളജില്‍ തിരിച്ചെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഇക്കഴിഞ്ഞ എട്ടിന് രാത്രി വടക്കാഞ്ചേരി കാഞ്ഞിരക്കോട് എ.എച്ച്. റീജന്‍സിക്ക് സമീപത്ത് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിലാണ് യൂസഫിന് പരുക്കേറ്റത്. 

ഗുരുതര പരുക്കേറ്റ യൂസഫിനെ ഉടന്‍തന്നെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കെ ഇന്നലെ  പുലര്‍ച്ചെയായിരുന്നു മരണം. അപകടത്തെ തുടര്‍ന്നുണ്ടായ മരണം ആയതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ചെയ്യാതെ മൃതദേഹം വിട്ടുകൊടുക്കാന്‍ പാടില്ല. 

എന്നാല്‍ ആശുപത്രി അധികൃതര്‍ മൃതദേഹം ബന്ധുക്കള്‍ക്ക് പോസ്റ്റ്‌മോര്‍ട്ടം നടത്താതെ വിട്ടുകൊടുക്കുകയായിരുന്നു. ഗുരുതരമായ പാളിച്ച അറിഞ്ഞയുടന്‍ ബന്ധപ്പെട്ടവര്‍ മെഡിക്കല്‍ കോളജ് പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് ഉടന്‍തന്നെ മരിച്ച ആളുടെ ബന്ധുക്കള്‍ക്ക് വിവരം കൈമാറുകയും സംസ്‌കാരത്തിന് തൊട്ടുമുന്‍പ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരിച്ചു വാങ്ങുകയുമായിരുന്നു