തിരുവനന്തപുരം മെഡിക്കൽ കോളജ് ശസ്ത്രക്രിയ വൈകിയതിനാൽ രോഗി മരിച്ചെന്നാരോപണം : പോസ്റ്റ്മോർട്ടം വേണമെന്ന് ബന്ധുക്കൾ

 

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ വൈകിയതിനെത്തുടർന്ന് അവയവം സ്വീകരിച്ച രോഗി മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം വേണമെന്ന് ബന്ധുക്കൾ. കാരക്കോണം സ്വദേശി 54 വയസുള്ള സുരേഷ് കുമാറാണ് മരിച്ചത്. ശസ്ത്രക്രിയ തുടങ്ങാൻ നാല് മണിക്കൂർ വൈകിയിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം പരാതി നൽകുന്നതിൽ തീരുമാനമെടുക്കുമെന്നും ആശുപത്രിക്ക് വീഴ്ച സംഭവിച്ചോയെന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നത്. മൂന്ന് മണിക്കൂറുകൊണ്ട് എറണാകുളത്ത് നിന്ന് മാറ്റിവെക്കേണ്ട വൃക്കയുമായി ആംബുലന്‍സ് മെഡിക്കല്‍ കോളജിലെത്തി. ജീവന്‍ കൈയില്‍ പിടിച്ച് പൊലീസിന്റെ സഹായത്തോടെ വളരെ വേഗം എറണാകുളത്ത് നിന്ന് വൃക്കയുമായി എത്തിയെങ്കിലും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിയ സമയത്ത് വിവരം ആരും അറിഞ്ഞില്ല. ഓപ്പറേഷന്‍ നടക്കുന്ന വിവരം ആശുപത്രി അധികൃതര്‍ക്ക് അറിയാമായിരുന്നിട്ടുപോലും സെക്യൂരിറ്റിക്ക് അലര്‍ട്ട് നല്‍കിയിരുന്നില്ല, മാത്രമല്ല അവയവവുമായി വന്നവരെ എങ്ങനെ സഹായിക്കണമെന്ന കാര്യത്തിലും ആശയക്കുഴപ്പം നീണ്ടുനിന്നു.

ഒടുവില്‍ മണിക്കൂര്‍ കഴിഞ്ഞാണ് ശസ്ത്രക്രിയ തുടങ്ങിയത്. വൃക്കപോലെയുള്ള നിര്‍ണായക അവയവങ്ങള്‍ മാറ്റിവെക്കുമ്പോള്‍ എത്രയും നേരത്തെ വെക്കാന്‍ സാധിക്കുമോ അത്രയും കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ അതിന് സാധിക്കും. എന്നാല്‍ ഇവിടെ ഉണ്ടായ ഉദാസീനതമൂലം വിലപ്പെട്ട സമയങ്ങളാണ് രോഗിക്ക് നഷ്ടമായത്. അതേസമയം കിഡ്നിമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗിക്ക് ഡയാലിസിസ് നടത്തണമെന്നും അതിനേതുടര്‍ന്നുണ്ടായ താമസമാണ് ശസ്ത്രക്രിയ വൈകാന്‍ ഇടയായതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.