സ്വപ്ന സുരേഷ്  പ്രതിയായ ഗൂഢാലോചനക്കേസ് : സരിത എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി

​​​​​​​

 


തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സർക്കാരിനെതിരായ ഗൂഢാലോചന കേസിൽ സരിത എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ക്രൈംബ്രാഞ്ച് എസ്പി മധുസൂദനൻ ആണ് സരിതയുടെ രഹസ്യമൊഴിയെടുക്കാന്‍ തിരുവനന്തപുരം സിജെഎം കോടതിയിൽ അപേക്ഷ നൽകിയത്. അപേക്ഷ പരിഗണിച്ച കോടതി ഈ മാസം 23ന് മൊഴി രേഖപ്പെടുത്താൻ അനുമതി നൽകി.  

ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി- രണ്ടാണ് സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തുക. സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ കെ ടി ജലീൽ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കേസിലെ പ്രതിയായ പി സി ജോർജും സരിതയുമായുള്ള ശബ്ദരേഖയും പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിക്കെതിരെ സ്വർണ കടത്തുമായി ബന്ധപ്പെട്ട് സ്വപ്നക്ക് വേണ്ടി ഒരു ഓണ്‍ ലൈൻ ചാനലിന് അഭിമുഖം നൽകാൻ പി സി ജോർജ് പ്രേരിപ്പിച്ചുവെന്നാണ് സരിതയുടെ മൊഴി. 

സ്വപ്നയും പി സി ജോർജും ക്രൈം നന്ദകുമാറും ഗൂഢാലോചന നടത്തിയെന്നും സോളാർ കേസിലെ പ്രതിയായ സരിത മൊഴി നൽകിയിട്ടുണ്ട്. ഗൂഢാലോചന തെളിയിക്കുന്നതായാണ് സരിതയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തുന്നത്.