കുതിരവട്ടത്ത് മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിന്റെ സസ്‌പെൻഷൻ പിൻവലിക്കും : സമരം മാറ്റിവച്ചു

 


കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്‌ചയിൽ സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്‌ത നടപടി പിൻവലിക്കും. സസ്‌പെൻഷൻ പിൻവലിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതോടെ ഇന്ന് മുതൽ കോഴിക്കോട് ജില്ലയിൽ കെജിഎംഒഎ പ്രഖ്യാപിച്ചിരുന്ന സമരം മാറ്റിവെച്ചു. സസ്‌പെൻഷൻ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് ഉടൻ ഇറങ്ങുമെന്ന ഉറപ്പിൻമേലാണ് തീരുമാനമെന്ന് കെജിഎംഒഎ വിശദീകരിച്ചു.

സൂപ്രണ്ടിനെ സസ്‌പെൻഡ്‌ ചെയ്‌ത നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് മുതല്‍ കോഴിക്കോട് ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും ഡോക്‌ടർമാർ കൂട്ട അവധി എടുക്കാനായിരുന്നു തീരുമാനം. കഴിഞ്ഞ മാസം 31ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട അന്തേവാസി വാഹനാപകടത്തിൽ മരിച്ച സംഭവത്തിന് പിന്നാലെയാണ് സുരക്ഷാ വീഴ്‌ച ആരോപിച്ച് സൂപ്രണ്ടിനെ സസ്‌പെൻഡ്‌ ചെയ്‌തത്‌.

വാഹന മോഷണക്കേസുകളിൽ റിമാൻഡ് പ്രതിയായിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് ഇർഫാനാണ് കോട്ടക്കലിൽ വാഹനാപകടത്തിൽ മരിച്ചത്. മാനസികാസ്വാസ്‌ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച ഇയാൾ സ്‌പൂണ്‍ ഉപയോഗിച്ച് കുളിമുറിയുടെ ഭിത്തി തുരന്നാണ് രാത്രി പുറത്തുകടന്നത്. തുടർന്ന് സൂപ്രണ്ടിനെ സസ്‌പെൻഡ്‌ ചെയ്‌തതോടെ സുരക്ഷാ വീഴ്‌ചയിൽ സൂപ്രണ്ടിനെ മാത്രം ബലിയാടാക്കുന്നു എന്ന് ആരോപിച്ചാണ് കെജിഎംഒഎ സമരവുമായി മുന്നോട്ട് പോയത്.