റേഷന്‍ കടകളിലൂടെ സപ്ലൈകോ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കും : മന്ത്രി ജി.ആര്‍. അനില്‍

 

റേഷന്‍ കടകളിലൂടെ സപ്ലൈകോ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. ആധുനിക സൗകര്യങ്ങളോടുകൂടി നവീകരിച്ച് കൊട്ടിയം തേജസ് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനം ആരംഭിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഹൈടെക് ആക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് പുത്തന്‍ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി പൊതുവിതരണ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുരക്ഷിതവും സുതാര്യവും ആക്കും. 

മിതമായ നിരക്കില്‍ ഗുണമേ•യുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കി സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.
ജി.എസ് ജയലാല്‍ എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ ആദ്യവില്‍പ്പന നടത്തി. 

സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ ഡോ. സഞ്ജീബ് പട്‌ജോഷി, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.സദാനന്ദന്‍ പിള്ള, ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ബിനു, വൈസ് പ്രസിഡന്റ് സാജന്‍, ജില്ലാ പഞ്ചായത്ത് അംഗം ശ്രീജ ഹരീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു ഷിബു, ഗ്രാമപഞ്ചായത്ത് അംഗം ദീപ്തി സുരേഷ്, മറ്റ് രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.