കെ.എസ്.ആർ.ടി.സിയിൽ ശമ്പള വിതരണം നാളെ മുതൽ : ഗതാഗത മന്ത്രി ആന്റണി രാജു

 

കെ.എസ്.ആർ.ടി.സി യിൽ നാളെ മുതൽ ശമ്പളം നൽകാൻ കഴിയുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ശമ്പളം മുടങ്ങിയത് കെഎസ്ആർടിസി മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത കൊണ്ടല്ല. ആവശ്യമായ തുക ഓവർഡ്രാഫ്റ്റ് എടുത്ത് ശമ്പളം നൽകാൻ നിർദേശം നൽകിയതായി ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.

ശമ്പളമില്ലാത്ത വിഷുവും ഈസ്റ്ററുമാണ് ഇത്തവണ കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടായിരുന്നത്. മാര്‍ച്ച് മാസത്തെ ശമ്പളത്തിനായി ജീവനക്കാര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് 48 ദിവസമായി. ഏപ്രില്‍ പാതിപിന്നിട്ടും ഇതുവരെ ശമ്പളം നല്‍കാന്‍ മാനേജ്മെന്‍റിന് കഴിഞ്ഞിട്ടില്ല.

ഇതിനിടെ ഗതാഗത മന്ത്രി ആന്‍റണി രാജുവിനെതിരെ രൂക്ഷ വിമര്‍ശവുമായി ഇടത് തൊഴിലാളി സംഘടനായായ സിഐടിയു രംഗത്തെത്തിയിരുന്നു. തങ്ങൾ കൂടി പ്രവർത്തിച്ചിട്ടാണ് ആന്‍റണി രാജു മന്ത്രിയായത്. അധികാരം കിട്ടിയപ്പോൾ മന്ത്രി ജീവനക്കാർക്ക് എതിരെ രംഗത്തു വരികയാണെന്ന് കെഎസ്ആർടിഇ എ(സിഐടിയു) സംസ്ഥാന സെക്രട്ടറി ശാന്തകുമാർ മാധ്യമങ്ങളോടു പറഞ്ഞിരുന്നു

അതിനിടെ കെഎസ് ആർ ടി സി ജീവനക്കാർക്ക് പിന്തുണയുമായി കാനം രാജേന്ദ്രൻ രംഗത്തുവന്നു. ജോലി ചെയ്താൽ കൂലി ചോദിക്കും, ശമ്പളം ചോദിക്കുന്നത് തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം തീയതി കിട്ടിയില്ലെങ്കിൽ പതിനഞ്ചാം തീയതി കിട്ടണം. കെഎസ്ഇബി സമരത്തിൽ ശരിയും തെറ്റും വേർതിരിച്ച് സർക്കാർ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.