അടിമാലിയിൽ റോഡ് സംരക്ഷണഭിത്തി ഇടിഞ്ഞ് പുഴയിൽ പതിച്ചു: ഗതാഗതം നിരോധിച്ചു

 

അടിമാലി: അടിമാലി- കുമളി ദേശിയപാതയിൽ കല്ലാർകുട്ടിക്കും പനംകുട്ടിക്കും ഇടയിൽ പുതിയ പാലത്തിന് താഴെ വെള്ളകുത്തിന് സമീപം റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് പുഴയിൽ പതിച്ചു. സംഭവത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. 2018 ലെ പ്രളയത്തിൽ തകർന ഭാഗത്ത് തന്നെയാണ് വീണ്ടും തകർന്നത്.മുതിരപ്പുഴയാറ്റിലേക്കാണ് റോഡ് ഇടിഞ്ഞ് വീണത്. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി കലക്ടർ അറിയിച്ചു.

ശക്തമായ മഴയെ തുടർന്ന് കല്ലാർകുട്ടി അണക്കെട്ടിലെ 5 ഷട്ടറുകളും തുറന്ന് വെള്ളം ഒഴുക്കിയിരുന്നു. ഇതോടെ വെള്ളത്തിന് അതിസമ്മർദ്ദം ഉണ്ടായതാണ് റോഡ് തകരാൻ കാരണം.2018 ലെ പ്രളയത്തിൽ പനംകുട്ടി മല രണ്ടായി പിളരുകയും നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിക്കുകയും ചെയ്തിരുന്നു. സമാനമായ സാഹചര്യം ഇപ്പോൾ നില നിൽക്കുന്നതായി നാട്ടുകാർ ഭയക്കുന്നു. അതി തീവ്ര മഴയാണ് ഇവിടെ രേഖപ്പെടുത്തുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ല കലക്ടർ അറിയിച്ചു.