റിപ്പബ്ലിക് ദിന പരേഡില്‍  കര്‍ത്തവ്യപഥിനെ ത്രസിപ്പിക്കാന്‍ ശിങ്കാരിമേളവുമായി കണ്ണൂരിലെ കുടുംബശ്രീ വനിതകള്‍

 

കണ്ണൂര്‍ : റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ പരമ്പരാഗത വാദ്യമായ ശിങ്കാരിമേളവുമായി കണ്ണൂരിലെ കുടുംബശ്രീ വനിതകള്‍  ഡല്‍ഹിയിലെ കര്‍ത്തവ്യപഥിനെ ത്രസിപ്പിക്കാനൊരുങ്ങുന്നു.  നാരീശക്തി പ്രമേയമാക്കി കേരളം അവതരിപ്പിക്കുന്ന ടാബ്ലോയില്‍ കണ്ണൂര്‍ ജില്ലയിലെ മാങ്ങാട്ടിടം, പാപ്പിനിശ്ശേരി പഞ്ചായത്തുകളില്‍ നിന്നുള്ള വനിതകളാണ് ശിങ്കാരിമേളം അവതരിപ്പിക്കുന്നത്.  ടാബ്ലോയുടെ ഗ്രൗണ്ട് എലമെന്റായിട്ടാണ് മേളം അവതരിപ്പിക്കുന്നത്.   കണ്ണൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സപ്തവര്‍ണ്ണ ശിങ്കാരിമേള സംഘത്തിലെ സിന്ധു ബാലകൃഷ്ണന്‍, ജോഷിന അശോകന്‍, രമിത രതീഷ്, ശൈലജ രാജന്‍, ബാലജ പ്രമോദ്, രജനി സോമന്‍, ലസിത വരദന്‍, സജിത അരവിന്ദ്, വിജിന രാജീവന്‍,  വനജ ബാലന്‍, ലീല ചന്ദ്രന്‍, ഓമന പ്രദീപന്‍ എന്നിവര്‍   രാജ്യതലസ്ഥാനത്തുള്ള രാഷ്ട്രീയ രംഗശാല ക്യാമ്പില്‍  കഠിന പരിശീലനത്തിലാണ്. 
 
 കുടുംബശ്രീ അംഗങ്ങളാണ് എല്ലാവരും. തയ്യല്‍ മുതല്‍ തൊഴിലുറപ്പ് ജോലി വരെ ചെയ്യുന്നവരാണ് സംഘത്തിലുള്ളത്.  വനിത സ്വയം തൊഴില്‍ പദ്ധതിയുടെ  ഭാ?ഗമായി 2011ലാണ്  ഇവര്‍ ശിങ്കാരിമേളം പഠിക്കാനാരംഭിച്ചത്. തൊഴില്‍ ഇല്ലാത്ത വാരാന്ത്യത്തിലും വിശ്രമവേളകളിലും  പരിശീലനം നടത്തിയാണ്  ഇവര്‍   മേളം പഠിച്ചത്.  ഇലത്താളം, വലന്തല, ഉരുട്ട് ചെണ്ട എന്നിവയാണ് ശിങ്കാരിമേളത്തിലെ വാദ്യോപകരണങ്ങള്‍.  

കേരളത്തിലുടനീളവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ശിങ്കാരിമേളം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും രാജ്യതലസ്ഥാനത്ത് ആദ്യമാണ്. നാരീശക്തിയും സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യവും'  കേന്ദ്ര പ്രമേയമാക്കി കേരളം ഒരുക്കുന്ന  ടാബ്ലോയുടെ   അവസാന ഘട്ട പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ രംഗശാലയില്‍  പുരോഗമിക്കുന്നു. സാധാരണക്കാരായ പ്രാദേശിക വനിതകളുടെ  കൂട്ടായ്മയും പ്രവര്‍ത്തനങ്ങളും സമൂഹവികസനത്തിനും രാജ്യപുരോഗതിക്കും എങ്ങനെ നേട്ടമാകുന്നു എന്നതാണ് കേരളം ടാബ്ലോയില്‍ പ്രദര്‍ശിപ്പിക്കുന്നത്. 

96-ാം വയസ്സില്‍  നാലാം ക്ലാസ് തുല്യതാ പരീക്ഷ ജയിച്ച് 2020 ലെ നാരീശക്തി പുരസ്‌കാര ജേതാവായ കാര്‍ത്ത്യായനി അമ്മയെ ട്രാക്ടര്‍ ഭാഗത്തും  മികച്ച പിന്നണി ഗായികയ്ക്കുളള  ദേശീയപുരസ്‌ക്കാരം നേടിയ ആദ്യ ആദിവാസി വനിതയായ നഞ്ചിയമ്മയെ ട്രെയ്‌ലര്‍ ഭാഗത്തും അവതരിപ്പിച്ചാണ് ടാബ്ലോയില്‍ സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യം പ്രതീകവത്ക്കരിക്കുന്നത്.