പൊതുവിദ്യാഭ്യാസരംഗം ലോകത്തിന് മാതൃകയാകും: മന്ത്രി വി. ശിവന്‍കുട്ടി

 

കൊല്ലം :  സംസ്ഥാനത്തെ വിദ്യാഭ്യാസരംഗം ലോകത്തിന് മാതൃകയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ശ്രീ ബാലഭട്ടാരക വിലാസം സംസ്‌കൃത ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

  ഹൈടെക്‌വല്‍ക്കരണത്തിന് ചേരുംവിധം അധ്യാപകര്‍ പ്രവര്‍ത്തിക്കണം. നടപ്പുരീതികളില്‍   ആധുനികത സന്നിവേശിപ്പിച്ചാലേ വിദ്യാഭ്യാസപ്രക്രിയ ആധുനികവല്‍ക്കരിക്കപ്പെടുകയുള്ളൂ. കാലാനുസൃതമായ പരിശീലന പരിപാടികളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആധുനിക ആശയങ്ങള്‍ ക്ലാസ് മുറികളില്‍ എത്തേണ്ടത് അധ്യാപകരിലൂടെയാണെന്നും മന്ത്രി പറഞ്ഞു. ഡോ. സുജിത്ത് വിജയന്‍പിള്ള എം.എല്‍.എ അധ്യക്ഷനായി. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി.
പി.ടി.എ കമ്മിറ്റി സജ്ജമാക്കിയ  സ്മാര്‍ട്ട് ക്ലാസ്സിന്റെയും കെ.എം.എം.എല്‍ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച സ്റ്റേജിന്റെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. ഒരു കോടി രൂപയാണ് ബഹുനിലമന്ദിരത്തിന്റെ നിര്‍മ്മാണച്ചിലവ്.

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. പി. കെ. ഗോപന്‍, ജില്ലാ പഞ്ചായത്ത് അംഗം സി. പി സുധീഷ് കുമാര്‍, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, പ•ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമി, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, പി.ടി.എ അംഗങ്ങള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.