കന്റോൺമെന്റ് ഹൗസിൽ പ്രതിഷേധം : ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്‌റ്റിൽ 

 


തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോൺമെന്റ് ഹൗസിന് മുമ്പിൽ ഡിവൈഎഫ്ഐ പ്രതിഷേധം. കന്റോൺമെന്റ് ഹൗസിന്റെ ഗേറ്റ് രണ്ട് പ്രവർത്തകർ ചാടിക്കടന്നു. ഗേറ്റിന് പുറത്തും ഡിവൈഎഫ്ഐ പ്രവർത്തകർ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്. മാർച്ചിൽ നേരിയ സംഘർഷവും ഉണ്ടായി.

ഡിവൈഎഫ്ഐ പ്രവർത്തകരായ ശ്രീജിത്ത്, ചന്തു എന്നിവരാണ് ഗേറ്റ് ചാടിക്കടന്നത്. ഇരുവരെയും ബലംപ്രയോഗിച്ചു പുറത്താക്കി. ചന്തുവിനെ സുരക്ഷാ ഉദ്യോഗസ്‌ഥരും ജീവനക്കാരും തടഞ്ഞുവെച്ചിരുന്നു. പിന്നീട് കന്റോൺമെന്റ് സിഐ എത്തിയശേഷം കൈമാറി.

അതേസമയം, പ്രവർത്തകനെ ബലം പ്രയോഗിച്ചു കന്റോൺമെന്റ് ഹൗസിലേക്ക് പിടിച്ചു കൊണ്ടുപോവുക ആയിരുന്നുവെന്ന് ഡിവൈഎഫ്ഐ നേതാക്കൾ ആരോപിച്ചു. വിമാനയാത്രക്കിടെ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് ഡിവൈഎഫ്ഐ മാർച്ച് നടത്തിയത്.