'പൊലീസ് ക്വാര്‍ട്ടേഴ്‌സ് കെട്ടാനുള്ള പണം വകമാറ്റി ആഡംബര വില്ലകള്‍ പണിതു'; ബെഹ്‌റയുടെ നടപടിക്ക് സര്‍ക്കാര്‍ അംഗീകാരം

വാഹനങ്ങള്‍ വാങ്ങിയതടക്കം ബെഹ്‌റയുടെ പലയിടപാടുകളും സിഎജി കണ്ടെത്തിയിരുന്നു. 
 
പൊലീസ് വകുപ്പിന്റെ ആധുനികവല്‍കരണം എന്ന സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് പൊലീസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കാന്‍ പണമനുവദിച്ചത്.

പൊലീസ് സ്റ്റാഫ് ക്വാട്ടേഴ്‌സിന് അനുവദിച്ച നാലരക്കോടി രൂപ വകമാറ്റി വില്ലകളും ഓഫീസും പണിത മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നടപടി സര്‍ക്കാര്‍ സാധൂകരിച്ചു. ചട്ടപ്രകാരമുള്ള നടപടി ഇല്ലാതെ ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കരുതെന്ന കര്‍ശന നിര്‍ദേശത്തോടെയാണ് ബെഹ്‌റയുടെ നടപടി ആഭ്യന്തര വകുപ്പ് സാധൂകരിച്ചത്.

പൊലീസ് വകുപ്പിന്റെ ആധുനികവല്‍കരണം എന്ന സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് പൊലീസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കാന്‍ പണമനുവദിച്ചത്. എന്നാല്‍ അനുവദിച്ച നാല് കോടി 33 ലക്ഷം രൂപ സര്‍ക്കാര്‍ അനുമതി വാങ്ങാതെ വകമാറ്റി. ക്വാട്ടേഴ്‌സിന് പകരം തിരുവനന്തപുരം വഴുതക്കാട്ട് ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്ക് കൂറ്റന്‍ വില്ലകള്‍ നിര്‍മിക്കുകയായിരുന്നു. ഇതില്‍ ഒരു വില്ലയിലാണ് ഡിജിപിയായിരുന്ന ബെഹ്‌റ താമസിച്ചിരുന്നത്. വില്ലകള്‍ കൂടാതെ ഓഫീസുകളും പണിതു. ക്രമക്കേട് സിആന്റ് എജിയാണ് കണ്ടെത്തിയത്. വാഹനങ്ങള്‍ വാങ്ങിയതടക്കം ബെഹ്‌റയുടെ പലയിടപാടുകളും സിഎജി കണ്ടെത്തിയിരുന്നു. 

എന്നാല്‍, 30 ക്വാട്ടേഴ്‌സുകള്‍ നിര്‍മിക്കാന്‍ 433 ലക്ഷം രൂപ ഉപയോഗിച്ച് സംസ്ഥാന പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ്, രണ്ട് വില്ലകള്‍ മറ്റ് അനുബന്ധ ഓഫീസുകള്‍ എന്നിവ നിര്‍മിച്ച സംസ്ഥാന പൊലീസ് മേധാവിയുടെ നടപടി, ചട്ടപ്രകാരമുള്ള അനുമതിയില്ലാതെ ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കരുതെന്ന കര്‍ശന നിര്‍ദേശത്തോടെ സാധൂകരിച്ചു കൊണ്ടുള്ള ഉത്തരവാണ് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത്.