പയ്യന്നൂര്‍ പാര്‍ട്ടി ഫണ്ട് വെട്ടിപ്പ്: സി.പി. എം ഏരിയാ കമ്മിറ്റി യോഗം ഇന്ന്
 

 

 
 പയ്യന്നൂര്‍:പയ്യന്നൂരില്‍  പാര്‍ട്ടി ഫണ്ട് ക്രമക്കേട് വിവാദത്തിന്റെ തീയും പുകയും അണയാത്തെ  സാഹചര്യത്തില്‍ നിര്‍ണായകമായ സി.പി. എം പയ്യന്നൂര്‍ ഏരിയാകമ്മിറ്റിയോഗം ഇന്ന് ചേരും. സ്ഥാനത്തു നിന്നും നീക്കിയ മുന്‍ ഏരിയാ സെക്രട്ടറി വി.കുഞ്ഞികൃഷ്ണന്‍ ഏരിയാ കമ്മിറ്റിയംഗമായി തുടരുന്നുണ്ടെങ്കിലും അദ്ദേഹം യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് സൂചന. 

പയ്യന്നൂര്‍ ഫണ്ട് വിവാദത്തില്‍ സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്ന ജില്ലാസെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍ ശരിവയ്ക്കുന്നതിനായി ഇന്ന് ചേരുന്ന ഏരിയാ കമ്മിറ്റി യോഗത്തില്‍ പുതിയ കണക്ക് അവതരിപ്പിക്കുമെന്നാണ് വിവരം.  പ്രൊഫഷനല്‍ ഓഡിറ്ററെ ഉപയോഗിച്ചാണ് പുതിയ കണക്ക് തയ്യാറാക്കിയത്. നേരത്തെ കണക്ക് തയ്യാറാക്കിയതില്‍ ഗുരുതരമായ പിശകുണ്ടെന്ന് പാര്‍ട്ടി നേതൃത്വം തന്നെ കണ്ടെത്തിയിരുന്നു.

 ഇതേ തുടര്‍ന്നാണ് കണക്ക് തയ്യാറാക്കിയ  ഏരിയാകമ്മിറ്റിഅംഗം വിശ്വനാഥനെതിരെ നടപടി സ്വീകരിച്ചത്. 
 എന്നാല്‍ വസ്തുതാപരമായി ഇതിനെ എതിര്‍ക്കാനും തങ്ങളുടെ കൈവശമുണ്ടെന്ന് പറയുന്ന യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിടാനുള്ള ഒരുക്കത്തിലാണ് വി.കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്ന വെള്ളൂര്‍ വിഭാഗം.

ധനാപഹരണമുണ്ടായിട്ടില്ലെന്ന് ജില്ലാ നേതൃത്വം ആവര്‍ത്തിക്കുമ്പോള്‍ അതു തെളിയിക്കാനുള്ള ഉത്തരവാദിത്വവും അവര്‍ക്കുണ്ടെന്നാണ് വിമതവിഭാഗം ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ടു തന്നെ സാമ്പത്തിക നഷ്്ടമില്ലെന്ന തരത്തില്‍ കെട്ടിച്ചമച്ച കണക്കുകള്‍ അവതരിപ്പിച്ചാല്‍ പുറത്ത് ജനങ്ങള്‍ക്കു മുന്‍പരില്‍ യഥാര്‍ത്ഥ കണക്ക് പരസ്യമായി അവതരിപ്പിക്കുമെന്നാണ് ഇവര്‍ നല്‍കുന്ന മുന്നറിയിപ്പ്. 

കഴിഞ്ഞ ഏരിയാകമ്മിറ്റി യോഗത്തില്‍ ഇതുസംബന്ധിച്ച വിശദമായ കണക്കുകള്‍ അച്ചടക്കനടപടിയുടെ ഭാഗമായി നീക്കം ചെയ്ത മുന്‍ ഏരിയാ സെക്രട്ടറി വി.കുഞ്ഞികൃഷ്ണന്‍ അവതരിപ്പിച്ചിരുന്നതായും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. 

കഴിഞ്ഞ ദിവസങ്ങളില്‍ പയ്യന്നൂരിലെ അച്ചടക്കനടപടി റിപ്പോര്‍ട്ട് ചെയ്ത ഏരിയാകമ്മിറ്റി യോഗങ്ങളില്‍ പാര്‍ട്ടി നേതൃത്വം ഓഡിറ്റ് ചെയ്ത കണക്കുകള്‍ അവതരിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.ആരോപണ വിധേയനായ എം. എല്‍. എ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സ്വീകരിച്ച മൃദുവായ നടപടികളെ സാധൂകരിക്കുന്ന കണക്കുകള്‍ തയ്യാറാക്കാനുള്ള നീക്കങ്ങളാണ് ജില്ലാ നേതൃത്വം നടത്തുന്നതെന്നാണ് വെള്ളൂരിലെ വിമത വിഭാഗം ഉന്നയിക്കുന്നത്. 

കുറ്റക്കാരായി ഇവര്‍ ഉന്നയിച്ച എം. എല്‍. എയ്ക്കും കൂട്ടര്‍ക്കുമെതിരെ മൃദുസമീപനം സ്വീകരിക്കുകയും പരാതി ഉന്നയിച്ച വി.കുഞ്ഞികൃഷ്ണനെ  പാര്‍ട്ടി അച്ചടക്കമെന്ന ഉരുക്കുമുഷ്ടികൊണ്ടു നേരിടുകയും ചെയ്തതില്‍ പയ്യന്നൂരിലെ പ്രവര്‍ത്തകര്‍ക്കും അണികള്‍ക്കും അതൃപ്തിയുണ്ട്.