പാനൂരിൽ അശാന്തി പടരുന്നു : കോൺഗ്രസ് നേതാവിന് വെട്ടേറ്റു

 

തലശേരി: ഒരിടവേളയ്ക്കു ശേഷം പാനൂരിൽ അശാന്തി പടരുന്നു. ആർ.എസ്.എസുകാരെന്ന് ആരോപിക്കുന്ന സംഘത്തിന്റെ വെട്ടേറ്റു ഗുരുതരമായി പരുക്കേറ്റ കോൺഗ്രസ് നേതാവിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ചൊവ്വാഴ്ച്ച പുലർച്ചെ അഞ്ചു മണിയോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. 

ഇരുകാലുകൾക്കും വെട്ടേറ്റതിനാലാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി തലശേരി ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിൽ നിന്നും മാറ്റിയത്.
കോൺഗ്രസ് നേതാവിനെതിരെ അക്രമം നടന്ന പശ്ചാത്തലത്തിൽ മേഖലയിൽ പൊലിസ് സുരക്ഷ ശക്തമാക്കി. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.


പാനൂർ ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി ഹാഷിമിന് നേരെയാണ് തിങ്കളാഴ്ച്ച രാത്രി അക്രമം ഉണ്ടായത്. അണിയാരം വലിയാണ്ടി പീടികയിൽ വെച്ചു ഹാഷിം അക്രമിക്കപ്പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഹാഷിമിനെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അക്രമത്തിന് പിന്നിൽ ആർ.എസ്.എസ് പ്രവർത്തകരാണെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം ആരോപിച്ചു കഴിഞ്ഞ ദിവസം പന്ന്യനൂർ കുരുംബക്കാവ് ക്ഷേത്ര പരിസരത്ത് കോൺഗ്രസ് - ആർ.എസ്.എസ് പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഹാഷിമിന് നേരെ  അക്രമം നടന്നതെന്ന് പൊലിസ്കരുതുന്നു. 

പ്രദേശത്ത് വൻ പൊലിസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്. പാനൂർ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പന്ന്യന്നൂർ കുരുംബക്കാവ് ക്ഷേത്രോത്സവത്തിനിടെയാണ് ഞായറാഴ്ച്ച രാത്രി അക്രമം നടന്നത്. ക്ഷേത്രോത്സവ സ്ഥലത്ത് ബോർഡ് വെച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഇതിനെ തുടർന്ന് ആർ.എസ്.എസ് ഖണ്ഡ് ശാരീരിക് ശിക്ഷ ൺ പ്രമുഖ് സി.ടി.കെ അനീഷ്, മണ്ഡൽ കാര്യവാഹക് അതുൽ എന്നിവരുൾപ്പെടെ അഞ്ചു പേർക്ക് പരുക്കേറ്റു അനീഷിന്റെ വീടിനു നേരെയുണ്ടായ അക്രമത്തിൽ സഹോദരിയുൾപ്പെടെയുള്ളവർക്കും പരുക്കേറ്റിരുന്നു.

 ഇതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകനായ സന്ദീപിനും മർദ്ദനമേറ്റു ഇയാൾ തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.