കണ്ണൂര്‍ ജില്ലയിലെ പാലോട് കാവില്‍ മുസ്‌ലിങ്ങള്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് കേരളത്തിന് അപമാനമാനം : കെ.ഇ.എന്‍

 

കോഴിക്കോട്: കണ്ണൂര്‍ ജില്ലയിലെ പാലോട് കാവില്‍ മുസ്‌ലിങ്ങള്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് കേരളത്തിന് അപമാനമാണെന്ന് സാംസ്‌കാരികപ്രവര്‍ത്തകന്‍ കെ.ഇ.എന്‍. ആ ബോര്‍ഡ് വെച്ചവര്‍ തന്നെ അത് എടുത്തുമാറ്റുന്നത് നമ്മുടെ പ്രബുദ്ധതയ്ക്ക് ഊര്‍ജ്ജം പകരുമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.

വിവിധ വിശ്വാസത്തില്‍പ്പെട്ട മനുഷ്യരല്ല ഇവിടെ വാദികളും പ്രതികളുമെന്നും ഇത് കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്ന അജണ്ടയാണെന്നും അദ്ദേഹം പറയുന്നു.

ഒരു ഉത്സവത്തിന് ആത്മീയമായും ഭൗതികമായും രണ്ട് തലങ്ങളുണ്ടെന്നും കെ.ഇ.എന്‍ പറയുന്നു. ആത്മീയമായി ബന്ധപ്പെട്ടവര്‍ മാത്രമാണ് ആത്മീയ തലത്തിന്റെ ഭാഗമാവുന്നതെന്നും എന്നാല്‍ എല്ലാ വിധത്തില്‍പ്പെട്ട ആളുകളുടെ ഒത്തുചേരലുകളും പലതരത്തിലുള്ള കളികളും കച്ചവടവും മറ്റും ഉള്‍പ്പെടുന്നതാണ് ഉത്സവത്തിന്റെ ഭൗതിക തലമെന്നും അത് അമ്പലത്തിലെ ഉത്സവമായാലും പള്ളിയിലെ നേര്‍ച്ചയായാലും അങ്ങനെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഇതിനെ അട്ടിമറിക്കുന്ന തരത്തില്‍ നമ്മുടെ ജീവിതം അരക്ഷിതമാക്കുന്ന രീതിയിലുള്ള ചെറുതും വലുതുമായ ഇടപെടലുകള്‍ ചില സ്ഥലങ്ങളില്‍ മുമ്പും കണ്ടിരുന്നുവെന്നും എന്നാല്‍ ഇത്തരത്തിലുള്ള വെറുപ്പിന്റെ വൈറസ് വ്യാപിക്കാന്‍ കാരണമെന്താണെന്നും അദ്ദേഹം ചോദിക്കുന്നു.

അതില്‍ പ്രധാനം 2014ല്‍ അധികാരത്തിലേറിയ നരേന്ദ്രമോദിയുടെ ഫാസിസ്റ്റ് സര്‍ക്കാരാണെന്നും അദ്ദേഹം വിലയിരുത്തുന്നു. ഇന്ത്യന്‍ ഫാസിസം ഭയപ്പെടുന്ന ഒരു പ്രദേശമായി കേരളം നിലകൊള്ളുകയാണെന്നും ഇതാണ് കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.