കെ സുധാകരൻ ആർഎസ്എസിന് സംരക്ഷണം കൊടുത്തത് കോൺഗ്രസിൽ വരുന്നതിന് മുൻപ്: മുല്ലപ്പള്ളി രാമചന്ദ്രൻ

 

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ആർഎസ്എസ് ശാഖ സംരക്ഷിച്ചെന്ന പ്രസ്താവനയിൽ ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് അതൃപ്തിയുണ്ടെങ്കിൽ മുന്നണിയിൽ ചർച്ച ചെയ്യണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രസ്താവനയുമായി ബന്ധപ്പെട്ട് ഉചിതമായ വിശദീകരണം കെപിസിസി അധ്യക്ഷൻ തന്നെ നൽകിയിട്ടുണ്ട്. അദ്ദേഹം കോൺഗ്രസ്സ് പ്രവർത്തകൻ ആകുന്നതിന് മുമ്പ് നടന്ന കാര്യം ആണത്. കോൺഗ്രസ്സ് അംഗം ആയശേഷം പാർട്ടിയുടെ നിലപാടിന് ഒപ്പമാണ്. മുസ്ലിം ലീഗിന് അതൃപ്തിയുണ്ടോയെന്ന് തനിക്ക് അറിയില്ല. എംകെ മുനീറിന്റെ പ്രസ്താവന താൻ കണ്ടിട്ടില്ല. ഐക്യജനാധിപത്യ മുന്നണി ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസിന്റെ കണ്ണൂർ തോട്ടടയിലെ ശാഖ സംരക്ഷിക്കാൻ ആളെ വിട്ടിരുന്നുവെന്നായിരുന്നു കെ സുധാകരന്റെ പ്രസ്താവന. സിപിഎം ശാഖ ആക്രമിക്കാൻ തീരുമാനിച്ചപ്പോഴാണ് സംരക്ഷണം നൽകിയതെന്നും അന്ന് താൻ സംഘടനാ കോൺഗ്രസിന്റെ ചുമതലക്കാരനായിരുന്നുവെന്നും കെ സുധാകരൻ പറഞ്ഞതിനെ ചൊല്ലിയാണ് ഇപ്പോഴത്തെ വിവാദം.