ലക്ഷദ്വീപ് മുന്‍ എം.പി മുഹമ്മദ് ഫൈസല്‍ ജയില്‍ മോചിതനായി: സ്വീകരണം നല്‍കി എന്‍.സി.പി പ്രവര്‍ത്തകര്‍ 

 

 
കണ്ണൂര്‍:  കവരത്തി കോടതി വധശ്രമക്കേസില്‍ പത്തുവര്‍ഷം തടവിന് ശിക്ഷിച്ച ലക്ഷദ്വീപ് മുന്‍ എം.പി മുഹമ്മദ് ഫൈസല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും   മോചിതനായി പുറത്തിറങ്ങി. വധശ്രമകേസില്‍ ശിക്ഷിച്ച കവരത്തി കോടതി വിധി നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷ നടപ്പിലാക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. മുഹമ്മദ് ഫൈസലിനെ സ്വീകരിക്കാന്‍ കണ്ണൂര്‍ ജില്ലയിലെയും ലക്ഷദ്വീപിലെയും നൂറോളം എന്‍.സി.പി പ്രവര്‍ത്തകര്‍ ബുധനാഴ്ച്ച വൈകുന്നേരം അഞ്ചുമണിയോടെ പളളിക്കുന്നിലെ സെന്‍ട്രല്‍ ജയിലിനു മുന്‍പിലെത്തിയിരുന്നു.

എന്നാല്‍ ലക്ഷദ്വീപില്‍ നിന്നും  ഇ.മെയില്‍ ലഭിക്കുന്നതു വൈകിയതും ഒറിജനല്‍ കോപ്പിലഭിക്കാത്തതും കാരണം ജയില്‍ മോചനം മണിക്കൂറുകളോളം വൈകി. ഒടുവില്‍ സാങ്കേതിക തടസം നീക്കിയാണ് മുഹമ്മദ് ഫൈസലിന് രാത്രി എട്ടുമണിയോടെ  പുറത്തിറങ്ങാന്‍ കഴിഞ്ഞത്.  എന്‍.സി.പി നേതാക്കാളായ എം.പി മുരളി, സുരേശന്‍, കെ.സി വാമനന്‍എന്നിവരുടെ നേതൃത്വത്തിലാണ് ജയില്‍ മോചിതനായ മുഹമ്മദ് ഫൈസലിനെ സ്വീകരിച്ചു കണ്ണൂര്‍ നഗരത്തിലേക്ക് ആനയിച്ചത്. ഗാന്ധി സര്‍ക്കിളില്‍ പ്രവര്‍ത്തകര്‍ മുഹമ്മദ് ഫൈസലിന് സ്വീകരണ സമ്മേളനം നടത്തി.