സാമൂഹിക പ്രവർത്തക മേരി റോയ് അന്തരിച്ചു

 

കോട്ടയം: സാമൂഹിക പ്രവർത്തക അരുന്ധതി റോയിയുടെ അമ്മയുമായ മേരി റോയി (89) അന്തരിച്ചു. ക്രിസ്ത്യൻ പിന്തുടർച്ചവകാശ നിയമത്തിൽ നടത്തിയ ഇടപെടലാണ് മേരി റോയിയെ ശ്രദ്ധേയയാക്കിയത്. കോട്ടയത്തെ ആദ്യ സ്കൂളുകളിലൊന്നായ റവ.റാവു ബഹദൂർ ജോൺ കുര്യൻ സ്കൂളിന്റെ സ്ഥാപകൻ ജോൺ കുര്യന്റെ പേരക്കുട്ടിയും പി.വി ഐസക്കിന്റെ മകളുമാണ്. 1933-ൽ ജനിച്ച മേരി ഡൽഹി ജീസസ് മേരി കോൺവെന്റിലും ബിരുദത്തിന് ചെന്നൈ ക്വീൻ മേരീസിലുമാണ് പഠിച്ചത്. ബംഗാളി ബ്രാഹ്മണനായ രാജീബ് റോയിയെയാണ് മേരി വിവാഹം കഴിച്ചത്.

1916-ലെ തിരുവിതാംകൂർ സിറിയൻ ക്രിസ്ത്യൻ പിന്തുടർച്ചാ നിയമത്തിനെതിരെ നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ്‌ ഇവർ ശ്രദ്ധേയയായത്. ആ നിയമം അസാധുവാണെന്ന് ഈ കേസിൽ സുപ്രീംകോടതി 1986-ൽ വിധിച്ചു.1967-ൽ കോട്ടയത്ത് കോർപ്പസ് ക്രിസ്റ്റി ഹൈ സ്കൂൾ എന്ന പേരിൽ ഒരു സ്കൂൾ ആരംഭിച്ചു. ലാറി ബേക്കറിനായിരുന്നു സ്കൂളിന്റെ നിർമാണ ചുമതല.

തുടക്കത്തിൽ, മേരിയും മക്കളും ലാറി ബേക്കറുടെ മകളും ഉൾപ്പെടെ ഏഴു പേരാണ് സ്കൂൾ നടത്തിപ്പിൽ ഉണ്ടായിരുന്നത്. ഇന്ന്, പള്ളിക്കൂടം എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്കൂളിന്റെ പ്രധാനാധ്യാപികയും മേരിയാണ്.