വിവാഹ വീട്ടില്‍ എല്ലാവരും ഉറങ്ങിക്കിടക്കെ മോഷണം; എട്ട് ലക്ഷം രൂപയും 16 പവന്‍ സ്വര്‍ണവും കവര്‍ന്ന പ്രതി പിടിയില്‍

 

 



മലപ്പുറം: കല്‍പകഞ്ചേരി ചെറവന്നൂര്‍ പാറമ്മലങ്ങാടിയിലെ വിവാഹ വീട്ടില്‍ നിന്ന് 16 പവന്‍ സ്വര്‍ണവും എട്ട് ലക്ഷം രൂപയും മോഷ്ടിച്ച കേസിലെ പ്രതി പിടിയിലായി. താനാളൂര്‍ ഒഴൂര്‍ സ്വദേശി കുട്ടിയാമാകനത്ത് ഷാജഹാന്‍ (57) എന്ന മണവാളന്‍ ഷാജഹാനെയാണ് കല്‍പകഞ്ചേരി എസ് ഐ ജലീല്‍ കറുത്തേടത്തും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് മണ്ണുതൊടുവില്‍ അബ്ദുല്‍ കരീമിന്റെ വീട്ടില്‍ നിന്ന് 16 പവന്‍ സ്വര്‍ണവും എട്ട് ലഷം രൂപയും കവര്‍ന്നത്.

മോഷണം നടന്ന ദിവസം പകലിലാണ് ഇരിങ്ങാവൂര്‍ മീശപ്പടി ഓഡിറ്റോറിയത്തില്‍ അബ്ദുല്‍ കരീമിന്റെ മകളുടെ വിവാഹ സത്കാരമുണ്ടായത്. ഇത് കഴിഞ്ഞ് അബ്ദുല്‍ കരീമും ഭാര്യ ഹാജറയും മകനും വീട്ടില്‍ വന്ന് വിശ്രമിക്കുമ്പോഴാണ് മോഷണം. 


കഴുത്തിലെ മാല പൊട്ടിക്കുന്നതിനിടെ ശബ്ദം കേട്ട് ഉറക്കം ഉണര്‍ന്നതോടെ സ്വര്‍ണവും പണവുമായി പ്രതി രക്ഷപ്പെടുകയായിരുന്നു. മോഷണം നടത്തി രക്ഷപ്പെടുന്ന സി സി ടി വി ദൃശ്യം ലഭിച്ചത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതിയെ വലയിലാക്കാന്‍ പൊലീസിന് ഏറെ സഹായകരമായി.

ആന്ധ്രയിലെ നല്ലചെരുവ് മാവോയിസ്റ്റ് സാന്നിധ്യമുള്ള മലഞ്ചെരുവിലെ ആദിവാസി ഊരില്‍ ഒളിവില്‍ കഴിയവെയാണ് പ്രതിയെ  പിടികൂടിയത്. മോഷണം നടത്തിയ വീട്ടിലും സ്വര്‍ണമാല പണയം വെച്ച തിരൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലും പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. മാല ഇതേ സ്ഥാപനത്തില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു. 


വിവാഹ വീടുകള്‍ നോക്കി വെച്ച് മോഷണം നടത്തി നാടുവിട്ട് ഇതുവഴി ലഭിക്കുന്ന പണം ഉപയോഗിച്ച് ഇതര സംസ്ഥാനങ്ങളില്‍ കറങ്ങി ആഢംബര ജീവിതം നയിക്കുകയുമാണ് ഇയാള്‍ ചെയ്യാറുള്ളത്. പണം തീര്‍ന്നാല്‍ വീണ്ടും സംസ്ഥാനത്തെത്തി മോഷണം നടത്തുകയാണ് പ്രതിയുടെ രീതിയെന്നാണ് പൊലീസ് പറയുന്നത്.  സംസ്ഥാനത്തിനകത്തും പുറത്തുമായി അമ്പതോളം മോഷണ കേസുകളില്‍ പ്രതിയാണ് ഇയാള്‍.  പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.