ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍

 

ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സര്‍ക്കാരിനെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗവര്‍ണറുടെ പ്രവര്‍ത്തനം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കടന്നുകയറാന്‍ കഴിയാത്തതിന്റെ ചൊരുക്കാണ് ഗവര്‍ണര്‍ പ്രകടിപ്പിക്കുന്നതെന്നും എം.വി.ഗോവിന്ദന്‍ ആരോപിച്ചു.

ദേശാഭിമാനിയിലെ ലേഖനത്തിലാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിക്കുന്നത്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ഭരണഘടനയല്ല ആര്‍.എസ്.എസാണ് ഗവര്‍ണറുടെ വഴികാട്ടി. കോടതിക്ക് പോലും പരിശോധിക്കാന്‍ അവകാശമില്ലാത്ത കത്തിടപാടുകള്‍ പുറത്തുവിട്ടത് ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണ്‌.

ഗവര്‍ണര്‍ പ്രതിപക്ഷ നേതാവല്ല സര്‍ക്കാരിന്റെ ഭാഗമാണ്. ബില്ലുകളില്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ പ്രഖ്യാപനം ഭരണഘടനാ ലംഘനമാണ്. ഗവര്‍ണര്‍മാര്‍ സര്‍വകലാശാലകളുടെ എക്സ് ഒഫീഷ്യോ ചാന്‍സിലര്‍മാരായി തുടരുന്നത് പുന:പരിശോധിക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇടപെടാന്‍ ആര്‍.എസ്..എസിന് കഴിയാത്തതിന്റെ ചൊരുക്കാണ് ഗവര്‍ണര്‍ക്കെന്നും എം.വി.ഗോവിന്ദന്‍ ആരോപിച്ചു.