എം ജി സുരേഷ് കുമാറിന് പിഴയിട്ട സംഭവം: പരാതി രാഷ്ട്രീയ പ്രേരിതമല്ലെന്ന് കെകെ സുരേന്ദ്രന്‍

 


എം ജി സുരേഷ് കുമാറിന് പിഴയിട്ട സംഭവത്തില്‍ പ്രതികരണവുമായി പരാതിക്കാരന്‍ കെകെ സുരേന്ദ്രന്‍. വൈദ്യുതി ബോര്‍ഡിന്റെ നിലനില്‍പ്പ് മുന്നില്‍ കണ്ടാണ് പരാതി നല്‍കിയതെന്ന് കെകെ സുരേന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഓഫിസേഴ്‌സ് സംഘടന കെഎസ്ഇബിക്ക് ഒന്നടങ്കം തലവേദനയുണ്ടാക്കുന്നുവെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പരാതിക്കാരന്‍. എം ജി സുരേഷ് കുമാറിന്റെ വാഹന ഉപയോഗത്തിലെ അഴിമതി അവസാനിപ്പിക്കാനാണ് പരാതി നല്‍കിയതെന്നും കെ കെ സുരേന്ദ്രന്‍ വ്യക്തമാക്കി. പരാതി രാഷ്ട്രീയ പ്രേരിതമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തനിക്ക് പിഴ ചുമത്തിയ നടപടി പ്രതികാര നടപടിയാണെന്നായിരുന്നു എം ജി സുരേഷ് കുമാറിന്റെ പ്രതികരണം. വാര്‍ത്തയ്ക്ക് പിന്നില്‍ കെഎസ്ഇബി സിഎംഡിയെന്ന് എംജി സുരേഷ് കുമാര്‍ ആരോപിച്ചിരുന്നു. വൈദ്യുതി മന്ത്രി നിര്‍ദേശിച്ച ആവശ്യങ്ങള്‍ക്ക് വേണ്ടി യാത്ര ചെയ്തിട്ടുണ്ട്. പ്രതികാര നടപടിയാണോയെന്ന് കാണുന്നവര്‍ക്ക് അറിയാമെന്നും എംജി സുരേഷ് കുമാര്‍ പറഞ്ഞിരുന്നു.

‘എന്നോട് വിശദീകരണം ചോദിക്കാതെ, എന്റെ ശ്രദ്ധയില്‍പ്പെടുത്താതെ, എനിക്ക് നോട്ടിസ് പോലും ഇഷ്യു ചെയ്യാതെ, എനിക്ക് എന്താണ് പറയാനുള്ളത് എന്ന് പോലും കേള്‍ക്കാതെ ഒരു സാധനം തയാറാക്കി മീഡിയയില്‍ കൊടുക്കുന്നതിന്റെ ഉദ്ദേശം എന്താണ് ? ഇത് വ്യക്തിഹത്യയാണ്. വൈദ്യുതി ബോര്‍ഡ് എന്ന് പറഞ്ഞാല്‍ സിഎംഡി അല്ല. അതിന്റെ ഉടമ സര്‍ക്കാരാണ്’- സുരേഷ് കുമാര്‍ പറഞ്ഞു.

കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം ജി സുരേഷ് കുമാറിന് പിഴ നോട്ടിസ് ലഭിച്ചുവെന്ന വാര്‍ത്ത പുറത്ത് വരുന്നത് ഇന്നാണ്. എം.എം.മണിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നപ്പോള്‍ കെഎസ്ഇബി ബോര്‍ഡ് വാഹനം ഉപയോഗിച്ച് അധികാരപരിധിക്ക് പുറത്തേക്ക് ഉപയോഗിച്ചതിനാണ് പിഴ . 6,72,560 രൂപ അടയ്ക്കണമെന്ന് കാണിച്ചാണ് കെഎസ്ഇബി ചെയര്‍മാന്‍ നോട്ടിസ് അയച്ചിരിക്കുന്നത്. നോട്ടിസ് ലഭിച്ച് 10 ദിവസത്തനകം മറുപടി പറയണമെന്നും 21 ദിവസത്തിനകം പിഴ അടയ്ക്കണമെന്നുമാണ് നോട്ടിസ്.