കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിട നമ്പർ ക്രമക്കേട്: പൊലീസ് കേസെടുത്തു

 


കോഴിക്കോട്: കോർപ്പറേഷനിലെ കെട്ടിട നമ്പർ ക്രമക്കേടിൽ പൊലീസ് കേസെടുത്തു. കോർപ്പറേഷൻ സെക്രട്ടറി നൽകിയ പരാതിയിലാണ് നടപടി. ഉദ്യോഗസ്ഥരെ കോർപ്പറേഷൻ സെക്രട്ടറി ബലിയാടുകളാക്കുകയാണെന്ന് ആരോപിച്ച് ജീവനക്കാർ പ്രതിഷേധിച്ചു. നഗരസഭ പൊളിക്കാൻ നിര്‍ദേശിച്ച കെട്ടിടത്തിന് അനധികൃതമായി നമ്പര്‍ നല്‍കിയ സംഭവം പുറത്തായതോടെയാണ് വിവാദങ്ങളുടെ തുടക്കം.

ഉദ്യോഗസ്ഥരുടെ പാസ്‍വേര്‍ഡ് ചോര്‍ത്തിയാണ് കെട്ടിടത്തിന് നമ്പര്‍ നല്‍കിയതെന്നായിരുന്നു കോര്‍പറേഷന്‍റെ വിശദീകരണം. തുടർന്ന് നാല് ഉദ്യോഗസ്ഥരെ കോർപ്പറേഷൻ സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ ഉദ്യോഗസ്ഥരെ ബലിയാടാക്കി യഥാർത്ഥ പ്രതികളെ രക്ഷിക്കുകയാണെന്നാണ് ജീവനക്കാരുടെ ആരോപണം. കൃത്രിമം നടന്ന കാര്യം ആറ് മാസം മുൻപ് ചൂണ്ടിക്കാട്ടിയിട്ടും അന്ന് നടപടി സ്വീകരിച്ചില്ലെന്നും ജീവനക്കാർ കുറ്റപ്പെടുത്തുന്നു. സെക്രട്ടറിയെ മാറ്റിനിർത്തി കേസ് അന്വേഷിക്കണമെന്നാണ് ജീവനക്കാരുടെ പ്രധാന ആവശ്യം.

സെക്രട്ടറി നൽകിയ പരാതിയിൽ ടൌൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാജ രേഖ നിർമ്മാണം, ഐ.ടി ആക്റ്റിലെ വിവിധ വകുപ്പുകൾ എന്നിവ ചേർത്താണ് കേസെടുത്തത്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു ബി.ജെ.പി കോഴിക്കോട് കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി. ഉദ്യോഗസ്ഥ-ഭരണ കൂട്ടുകെട്ടാണ് ക്രമക്കേടിന് പിന്നിലെന്നും പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ബി.ജെ.പി ആരോപിക്കുന്നു.