കേരള വാട്ടർ അതോറിറ്റിയിലെ ഇടത് സംഘടനാ ജീവനക്കാർ സമരത്തിലേക്ക് 

 

തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റിയിലെ ജീവനക്കാരും പ്രത്യക്ഷ സമരത്തിലേക്ക്. വാട്ടര്‍ അതോറിറ്റിയിലെ ഇടത് സംഘടന സിഐടിയുവാണ് സമരത്തിനൊരുങ്ങുന്നത്. ശമ്പള പരിഷ്‌കരണം, ഓഫിസുകളുടെ പുനഃസംഘടന പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നാളെ മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ശമ്പള പരിഷ്‌കരണം, അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുന്ന അശാസ്‌ത്രീയ പുനഃസംഘടനാ പിന്‍വലിക്കുക, സര്‍ക്കിള്‍ ഓഫിസുകളുടെ പരിധി ഒരു ജില്ലയില്‍ മാത്രമാക്കുക, നിയമസഭാ മണ്ഡലം മുഴുവന്‍ ഒരു ഡിവിഷന്റെ പരിധിയിലാക്കുക, ജോലിഭാരം വീതിക്കുക, പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന മാനേജ്‌മെന്റിന് മുന്നില്‍ ഉന്നയിച്ചിരിക്കുന്നത്.

ശമ്പള കമ്മീഷന്‍ റിപ്പോര്‍ട് നല്‍കി വര്‍ഷമൊന്നായിട്ടും പരിഷ്‌കരണം പ്രഖ്യാപിച്ചിട്ടില്ല. ഉന്നത ഉദ്യോഗസ്‌ഥരുടെ എണ്ണം ഇരട്ടിയിലേറെ ആക്കി അതോറിറ്റിക്ക് ബാധ്യതയുണ്ടാക്കാനുളള നീക്കമാണെന്നാണ് സംഘടനയുടെ ആക്ഷേപം. അതേസമയം പുനഃസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതേയുളളുവെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ വിശദീകരണം.

ശമ്പള പരിഷ്‌കരണം പ്രഖ്യാപിക്കേണ്ടത് സര്‍ക്കാരാണെന്നും ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കുകയുമാണെന്നും മാനേജ്‌മെന്റ് പ്രതികരിച്ചു. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് മൂന്നാമത്തെ പൊതുമേഖലാ സ്‌ഥാപത്തില്‍ കൂടി സിഐടിയുവിന്റെ നേതൃത്വത്തില്‍ സമരം തുടങ്ങുന്നത്.