കേരളാ പ്രവാസി അസോസിയേഷന് കേന്ദ്ര ഇലക്ഷൻ കമ്മീഷൻ അംഗീകാരം

 

തിരുവനന്തപുരം: പ്രവാസികളുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച കേരളാ പ്രവാസി അസോസിയേഷന് (കെ പി എ) കേന്ദ്ര ഇലക്ഷൻ കമ്മീഷൻ അംഗീകാരം നൽകി. രാജ്യത്തെ മുന്നണികളുടെ ജനാധിപത്യവിരുദ്ധ - അവസരവാദ രാഷ്ട്രീയത്തിന് ബദലായാണ് പുത്തൻ ആശയങ്ങളുമായി രാഷ്ട്രീയ പാർട്ടിയ്ക്ക് രൂപം നൽകിയതെന്ന് കെ.പി.എ ഭാരവാഹികൾ പറഞ്ഞു. പ്രവാസികൾ കൂടുതലുള്ള സംസ്ഥാനങ്ങളിൽ ഒന്നായ കേരളത്തിൽ നിന്നും, സ്വയംപര്യാപ്ത നവകേരളം പ്രവാസികളിലൂടെ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കേരളാ പ്രവാസി അസോസിയേഷന്റെ രാഷ്ട്രീയ രംഗപ്രവേശം.

കേരളത്തിലെ പൊതുജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട പ്രവാസി ക്ഷേമം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, കാര്‍ഷികം, ക്ഷീരവികസനം, തൊഴിലില്ലായ്മ നിർമ്മാർജനം, അടിസ്ഥാന സൗകര്യ വികസനം (കുടിവെള്ളം, പാർപ്പിടം, ആരോഗ്യ പരിരക്ഷ തുടങ്ങിയവ), പരിസ്ഥിതി സംരക്ഷണം എന്നിങ്ങനെ 36 മേഖലകളിൽ പ്രവാസികളുടെ കാഴ്ചപ്പാടുകൾ നടപ്പിൽ വരുത്തുക എന്നുള്ളതാണ് കേരളാ പ്രവാസി അസോസിയേഷൻ ലക്‌ഷ്യം വക്കുന്നത്.