അവധി ദിനത്തില്‍ ഭക്ഷണം കഴിക്കാന്‍ പോകുന്നത് തെറ്റോ?' പ്രചരിക്കുന്ന കള്ള് ഷാപ്പ് ചിത്രത്തില്‍ വിശദീകരണം

 


തൃശ്ശൂര്‍: കാട്ടൂര്‍ പഞ്ചായത്തിലെ പ്രചരിക്കുന്ന ചിത്രത്തിന് വിശദീകരണവുമായി പഞ്ചായത്ത് ഭരണസമിതി. ഓഗസ്റ്റ് 15ന്  സ്വകാര്യ വാഹനത്തിലാണ് കുടുംബങ്ങള്‍ ഭക്ഷണം കഴിക്കുന്ന തൃശ്ശൂര്‍ പുള്ളിലെ ഷാപ്പില്‍ പോയത്. അവിടെ വേറെയും കുടുംബങ്ങള്‍ ഉണ്ടായിരുന്നു. ഫോട്ടോ എടുത്തവര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഇട്ടതും.  


അനാവശ്യമായാണ് പ്രതിപക്ഷം ഇപ്പോള്‍ ഫോട്ടോ പ്രചരിപ്പിച്ച വിവാദം ഉണ്ടാക്കുന്നത്. അവധി ദിവസത്തില്‍  സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോകുന്നത്  അത്ര വലിയ തെറ്റാണോ എന്നും  ഭരണസമിതി ചോദിക്കുന്നു. 

ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തുന്ന  കോണ്‍ഗ്രസ്,  ബിജെപി മെമ്പര്‍മാര്‍ക്കെതിരെ പഞ്ചായത്ത് പ്രസിഡന്റ്  കാട്ടൂര്‍ പോലീസിന് പരാതി നല്‍കി. എല്‍ഡിഎഫ് ഭരിക്കുന്ന തൃശ്ശൂര്‍ കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ജീവനക്കാരുടേയും കള്ള്ഷാപ്പ് സല്‍ക്കാരം കോണ്‍ഗ്രസും ബിജെപിയും വിവാദമാക്കിയിരുന്നു. ഷാപ്പിലിരിന്ന് കള്ള് കുടിക്കുന്നതിന്റെ സെല്‍ഫി ചിത്രമാണ് പ്രചരിച്ചത്. ഇവര്‍ തന്നെ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച ഫോട്ടായാണ് വിവാദത്തിന് വഴിയൊരുക്കിയത്. സംഭവത്തെ തുടര്‍ന്ന് ഇന്ന് നടന്ന പഞ്ചായത്ത് യോഗത്തില്‍ നിന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപോയിരുന്നു. 

പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടാണ്  കോണ്‍ഗ്രസ് കാട്ടൂര്‍ പഞ്ചായത്ത് മെമ്പര്‍മാര്‍  രാവിലെ നടന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ നിന്നും ഇറങ്ങിപോയത്. ബി ജെ പി പ്രവര്‍ത്തകര്‍ കാട്ടൂര്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.  കഴിഞ്ഞ ദിവസമാണ് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥരും കള്ള് ഷാപ്പില്‍ ഇരിക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. എന്നാല്‍ ഈ സംഭവത്തിലാണ് വിശദീകരണവുമായി പഞ്ചായത്ത് അധികൃതര്‍ രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച ചിത്രത്തെ വിമര്‍ശിച്ചും പിന്തുണച്ചും പ്രതികരണമുണ്ടായിരുന്നു.