പ്രിയ വര്‍ഗീസിനെതിരായ കോടതി വിധി: സന്തോഷമുണ്ടെന്ന് സെനറ്റ് അംഗം ഡോ ആര്‍കെ ബിജു

 

 


കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയ വര്‍ഗീസിനെ തിരുകികയറ്റുവാനുള്ള നീക്കം തടഞ്ഞ കേരള ഹൈക്കോടതി വിധിയില്‍ സന്തോഷം രേഖപെടുത്തുന്നതായി സര്‍വകലാശാല സെനറ്റ് അംഗം ഡോ ആര്‍കെ ബിജു. പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് താന്‍ നല്‍കിയ മുഴുവന്‍ പരാതികളും ശരിയാണെന്ന് തെളിഞ്ഞുവെന്നും ആര്‍കെ ബിജു വ്യക്തമാക്കി. 

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍, അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയ വര്‍ഗീസിനെ നിയമിക്കുവാനുള്ള നടപടികള്‍ റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തീകരിച്ചത് വിസി പുനര്‍നിയമനത്തിനുള്ള പ്രത്യുപകാരമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഇക്കാര്യം പകല്‍പോലെ വ്യക്തമായി. അടിസ്ഥാന യോഗ്യത പോലും ഇല്ലാത്ത ഒരാളെ എന്തിനാണ് സര്‍വകലാശാലയില്‍ നിയമിക്കാന്‍ വൈസ് ചാന്‍സിലര്‍ തയ്യാറായതെന്നു അദ്ദേഹം വ്യക്തമാക്കണമെന്നും ബിജു പറഞ്ഞു.

സര്‍വകലാശാല രജിസ്ട്രാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം അതിശയിപ്പിക്കുന്നതാണ്. ആര്‍ക്ക് വേണ്ടിയാണു സര്‍വകലാശാല സംസാരിക്കുന്നതെന്ന് മനസിലാകുന്നില്ല. ആക്കാദമിക നിലവാരം ഉയര്‍ത്താനും അല്ലെങ്കില്‍ ഗുണമേന്മ വര്‍ധിപ്പിക്കാനുമായി രജിസ്ട്രാര്‍ നടത്തുന്ന കഠിന ശ്രമങ്ങള്‍ ഇത്തരത്തിലാണോ? എങ്കില്‍ അദ്ദേഹം ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്ന് സ്വയം തെളിയിച്ചു.കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ കൊവിഡിന്റെ മറവില്‍ ഓണ്‍ലൈന്‍ വഴി നടത്തിയിട്ടുള്ള  മുഴുവന്‍  നിയമനങ്ങളും പുനപരിശോധിക്കുവാന്‍  സര്‍വകലാശാല തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ബിജു പറഞ്ഞു.