'പെണ്‍കുട്ടിയെ വേദിയിലേക്ക് ക്ഷണിക്കേണ്ടിയിരുന്നില്ല': സമസ്തയുടെ പെണ്‍വിലക്കില്‍ വിവാദ പ്രസ്താവനയുമായി കെ.ടി ജലീല്‍

'പെണ്‍കുട്ടിയെ വേദിയിലേക്ക് ക്ഷണിക്കേണ്ടിയിരുന്നില്ല': സമസ്തയുടെ പെണ്‍വിലക്കില്‍ വിവാദ പ്രസ്താവനയുമായി കെ.ടി ജലീല്‍
 

മലപ്പുറം : പൊതുവേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി കെ ടി ജലീല്‍.ഉസ്താദിന് ആ കാര്യം രഹസ്യമായി പറയാമായിരുന്നുവെന്ന് ജലീല്‍ പറഞ്ഞു. പരസ്യമായി പറഞ്ഞത് ശരിയായില്ലെന്നും, സംഭവത്തില്‍ ശരിക്കും തെറ്റുകാര്‍ സംഘാടകരാണെന്നും അദ്ദേഹം വ്യക്തമാക്കി.

'സമസ്തയുടെ നിലപാട് അതാണെന്ന് അറിഞ്ഞിട്ടും പെണ്‍കുട്ടിയെ വേദിയിലേക്ക് ക്ഷണിക്കേണ്ടിയിരുന്നില്ല. പെണ്‍കുട്ടിയെ വേദിയില്‍ കയറ്റിയത് തെറ്റായി തോന്നിയെങ്കില്‍ ഉസ്താദ് അത് രഹസ്യമായി സംഘാടകരോട് പറയണമായിരുന്നു. ഉസ്താദ് പരസ്യമായി തന്റെ അഭിപ്രായം പറഞ്ഞ രീതിയോട് അംഗീകരിക്കുന്നില്ല', ജലീല്‍ പറഞ്ഞു.

അതേസമയം, തെറ്റ് തിരുത്തേണ്ടതിനു പകരം വീണ്ടും പെണ്‍കുട്ടിയെ അപമാനിച്ചുകൊണ്ട് സമസ്തയുടെ നേതാക്കള്‍ രംഗത്തു വന്നിട്ടുണ്ട്. പുരുഷന്‍മാര്‍ നില്‍ക്കുന്ന വേദിയില്‍ കയറുമ്പോള്‍ പെണ്‍കുട്ടിക്ക് ലജ്ജ തോന്നാതിരിക്കാനാണ് പെണ്‍കുട്ടിയെ വേദിയില്‍ നിന്ന് ഒഴിവാക്കിയതെന്ന് സമസ്ത സംസ്ഥാന അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.