നാല് മണിക്കൂർ വൈകി കെഎസ്ആർടിസി സ്വിഫ്‌റ്റ്‌ : നടപടിയുമായി മാനേജ്‌മെന്റ്‌ 

 

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്‌റ്റ്‌ ബസ് വൈകിയതിനെ തുടർന്ന്  സ്വീകരിച്ച് മാനേജ്മെന്റ്‌. പത്തനംതിട്ടയിലാണ് സംഭവം. ഇന്നലെ വൈകുന്നേരം പുറപ്പെടേണ്ട മം​ഗളൂരു ബസ് ഡ്രൈവർ എത്താത്തതിനാൽ നാല് മണിക്കൂറിലധികം വൈകിയിരുന്നു. തുടർന്ന് ബദൽ സംവിധാനം ഒരുക്കാൻ വൈകിയതിന് പത്തനംതിട്ട എടിഒയോട് എംഡി വിശദീകരണം തേടി.

വൈകുന്നേരം 5 മണിക്കാണ് ബസ് പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ 4 മണിക്ക് ഡ്യൂട്ടിയിൽ എത്തേണ്ടിയിരുന്ന ഡ്രൈവര്‍ കം കണ്ടക്‌ടർറുമാരായ രണ്ടുപേര്‍ ഡിപ്പോയിൽ എത്തിയിരുന്നില്ല. കൂടാതെ ഇവരുടെ ഫോണുകളും സ്വിച്ച് ഓഫ് ആയിരുന്നു. ഇതറിഞ്ഞ യാത്രക്കാർ സ്‌റ്റാന്റിൽ കുത്തിയിരുപ്പ് സമരം നടത്തുകയും, മറ്റ് ബസുകൾ തടയുകയും ചെയ്‌തു.

സ്വിഫ്റ്റ് ബസ് ജീവനക്കാരെ പകരമെത്തിച്ച് സര്‍വീസ് പുനഃരാരംഭിക്കാന്‍ ഡിപ്പോയിലെ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും കയ്യൊഴിഞ്ഞതോടെ ഡിപ്പോയില്‍ നിന്ന് പത്തനാപുരവുമായി ബന്ധപ്പെട്ടത് വഴി രണ്ടുപേര്‍ എത്തുമെന്ന ഉറപ്പിലാണ് ആശങ്ക ഒഴിഞ്ഞത്. തുടർന്ന് വൈകുന്നേരം 5ന് പുറപ്പെടേണ്ട ബസാണ് വൈകി രാത്രി 9 മണിയോടെ സര്‍വീസ് ആരംഭിച്ചത്.