പികെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരായ കെ എം ഷാജിയുടെ പരസ്യ വിമര്‍ശനം ; പ്രതിരോധിക്കാന്‍ നേതൃത്വം

പ്രവര്‍ത്തക സമിതിയില്‍ കുഞ്ഞാലിക്കുട്ടി അനുകൂലികള്‍ ഷാജിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിശദീകരണം തേടാനുള്ള തീരുമാനം.
 

പികെ കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യമാക്കി കെഎം ഷാജി ലീഗിനുള്ളില്‍ നടത്തുന്ന നീക്കത്തെ പ്രതിരോധിക്കാന്‍ ഒരുങ്ങുകയാണ് നേതൃത്വം. തുടര്‍ച്ചയായി നടത്തുന്ന പരസ്യ വിമര്‍ശങ്ങളെ അച്ചടക്ക നടപടിയിലൂടെ നേരിടാനാണ് ലക്ഷ്യം. എന്നാല്‍ ഒരു വലിയ വിഭാഗം പ്രവര്‍ത്തകരുടെ പിന്തുണയുറപ്പിച്ചാണ് ഷാജിയുടെ നീക്കങ്ങള്‍.
കുഞ്ഞാലിക്കുട്ടിക്കെതിരെ കെഎം ഷാജിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നടത്തിയിരുന്ന വിമര്‍ശനങ്ങള്‍ പരസ്യവേദികളിലേക്ക് മാറിയതോടെയാണ് നേതൃത്വം നിലപാട് കടുപ്പിച്ചത്. പ്രവര്‍ത്തക സമിതിയില്‍ കുഞ്ഞാലിക്കുട്ടി അനുകൂലികള്‍ ഷാജിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിശദീകരണം തേടാനുള്ള തീരുമാനം. പാര്‍ട്ടിയില്‍ അച്ചടക്ക സമിതിയെ രൂപീകരിക്കാനും ഇതേ യോഗം തീരുമാനിച്ചിട്ടുണ്ട്. കെഎംസിസി വേദികളിലാണ് ഷാജി പരസ്യ വിമര്‍ശനം ഉന്നയിച്ചത്. ഈ മാസം ഒന്‍പതിന് ജിദ്ദയിലെ പരിപാടിയില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തിയ പരോക്ഷ വിമര്‍ശനങ്ങളാണ് പുതിയ വിവാദങ്ങളുടെ തുടക്കം.

പ്രവര്‍ത്തക സമിതിയില്‍ വിമര്‍ശനങ്ങള്‍ ഉണ്ടായതിന് പിന്നാലെ മസ്‌കറ്റിലെ കെഎംസിസി പരിപാടിയിലും ഷാജി പരസ്യ പ്രതികരണം നടത്തിയതോടെയാണ് വിശദീകരണം തേടാന്‍ നേതൃത്വം തീരുമാനിച്ചത്. സമൂഹ മാധ്യമങ്ങളില്‍ ലീഗ് അനുകൂല പ്രൊഫൈലുകള്‍ ഷാജിക്ക് പിന്തുണയുമായി രംഗത്ത് എത്തുന്നുമുണ്ട്. സംഭവം പാര്‍ട്ടിയ്ക്ക് പുതിയ തലവേദനയായിരിക്കുകയാണ്.