കെ സുധാകരനെ ഒറ്റപ്പെടുത്താമെന്നത് വ്യാമോഹം മാത്രം : അഡ്വ. മാർട്ടിൻ ജോർജ്ജ്

 

കണ്ണൂർ: വർഗീയ ,രാഷ്ട്രീയ ഫാസിസത്തെ എക്കാലവും എതിർത്തിട്ടുള്ള ,ശക്തമായ നിലപാട് സ്വീകരിക്കുന്ന കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരനെ ഒറ്റപ്പെടുത്തി വേട്ടയാടാമെന്ന് ആരും കരുതേണ്ടെന്ന് ഡി.സി.സി പ്രസിഡൻ്റ് അഡ്വ.മാർട്ടിൻ ജോർജ്ജ്  പറഞ്ഞു.ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നവോത്ഥാന സദസിൽ കെ.സുധാകരൻ പ്രസംഗിച്ചത് എന്താണെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടതാണ്‌. അതൊരിക്കലും ആർ.എസ്.എസിനെ വെള്ളപൂശിയുള്ള പ്രസംഗമായിരുന്നില്ല. വർഗീയ ഫാസിസ്റ്റ് സംഘടനയായി തന്നെയാണ് ആർ.എസ്.എസിനെ അദ്ദേഹം വിശേഷിപ്പിച്ചത്.  

രാഷ്ട്രീയ എതിരാളികൾക്കു പോലും ഇടം നൽകി ജനാധിപത്യത്തിൻ്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ജവഹർലാൽ നെഹ്റു തയ്യാറായെന്ന ചരിത്ര സത്യം തുറന്നു പറഞ്ഞതിനെ മറ്റൊരു തരത്തിൽ വ്യാഖ്യാനം ചെയ്ത് കെ.സുധാകരന് മേൽ സംഘ് പരിവാർ ചാപ്പ കുത്താൻ ശ്രമിക്കുന്നത് ബോധപൂർവമാണ്. കേരളത്തിൽ ഇനിയും തുടർ ഭരണം ആഗ്രഹിക്കുന്ന പിണറായി പാർട്ടിക്കും കേരളത്തിൽ കാലുറപ്പിക്കാൻ കോടികളൊഴുക്കുന്ന താമരപ്പാർട്ടിക്കും സമീപകാലത്ത് കോൺഗ്രസിലുണ്ടായ ഉണർവും മാറ്റങ്ങളും വല്ലാത്ത നിരാശയാണ് സൃഷ്ടിക്കുന്നത്. കെ പി സി സി പ്രസിഡൻ്റായി കെ.സുധാകരൻ ചുമതലയേറ്റശേഷം താഴേത്തട്ടു മുതൽ കോൺഗ്രസിനുണ്ടായ വളർച്ചയിൽ വിറളി പൂണ്ടാണ് അനാവശ്യ വിവാദങ്ങളുണ്ടാക്കി  കോൺഗ്രസ് നേതൃത്വത്തെ അവമതിക്കാനും അണികളിൽ ആശയക്കുഴപ്പമുണ്ടാക്കാനും ഒരു കൂട്ടം മാധ്യമങ്ങളെ ഉപയോഗിച്ച് സിപി എമ്മും സംഘപരിവാറും ചെയ്തു കൊണ്ടിരിക്കുന്നത്. കൃത്യമായ ഗൂഢാലോചന ഇതിനു പിന്നിലുണ്ട്. 

ആർ.എസ്‌.എസ് നേതാക്കളുമായി മുമ്പ് പരസ്യമായും ഇപ്പോൾ അധികാരം നിലനിർത്താനും കേന്ദ്ര ഏജൻസികളുടെ വലയിൽ നിന്ന് രക്ഷപ്പെടാനും രഹസ്യമായും സന്ധി ചെയ്തിട്ടുള്ള സി പി എം നേതാക്കളുടെ വിമർശനങ്ങളെ പുഛത്തോടെ തള്ളുകയാണ്.എൻ ആർ സി വിഷയത്തിലും, വിശ്വാസ സംരക്ഷണ ജാഥയ്ക്കും മുന്നണി പോരാളിയായി നിന്ന് ഈ നാട്ടിലെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാൻ മുൻ പന്തിയിൽ നിന്ന് പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ കെ സുധാകരനെതിരെയാണ് സി പി എമ്മും ,ബി ജെ പി യും കുപ്രചരണങ്ങൾ അഴിച്ചു വിടുന്നത് .

അധികാരത്തിന് വേണ്ടി ഏത് ചെകുത്താനുമായും കൂട്ടൂകൂടാമെന്ന ഇ എം എസ്  നമ്പൂതിരിപ്പാടിന്റെ നിലപാട് ഉൾകൊണ്ട് തന്നെയാണ്   നാല് വോട്ടിനും ,അധികാരത്തിനും  വേണ്ടി എക്കാലത്തും ഏത് വർഗീയ  ശക്തികളുമായി സി പി എം കൈകോർക്കുന്നത്. ആ നിലപാട് തന്നെയാണ് പോയ വാരം പശ്ചിമ ബംഗാളിൽ  സി പി എം - ബിജെപിയുമായുള്ള സഖ്യത്തിൽ മത്സരിച്ച് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നത്. കെ പി സി സി  പ്രസിഡണ്ട് ആരാവണമെന്ന്  കോൺഗ്രസ് പാർട്ടി തീരുമാനിക്കും . സ്വന്തം പാർട്ടിയിൽ പോലും നില നിൽപ്പില്ലാത്ത പി ജയരാജന്റെയും, മറ്റു നേതാക്കളുടെയും ഉപദേശം ആവശ്യമില്ല     പിണറായി സർക്കാർ നേരിടുന്ന അഴിമതിയും ,ബന്ധു നിയമനവും , സ്വജനപക്ഷപാതം ഉൾപ്പെടെയുള്ള  ഗുരുതരമായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഇത്തരം ആസൂത്രിത നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു