എല്ലാ തെരുവുനായ്ക്കൾക്കും പേവിഷ വാക്സിൻ നൽകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

 

കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ തെരുവുനായ്ക്കൾക്കും പേവിഷ വാക്സിൻ നൽകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. പേവിഷബാധാ പ്രതിരോധ കുത്തിവെയ്പ്പ് തീവ്രയജ്ഞം വഴി സൗജന്യ വാക്സിനേഷൻ നടപടികൾ ആരംഭിക്കും.

മൃഗസംരക്ഷണ വകുപ്പ് പഞ്ചായത്ത് തലത്തിൽ പ്രത്യേക ഹോട്ട് സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും പദ്ധതി നടത്തിപ്പിനാവശ്യമായ നായപിടുത്തക്കാർ, വാഹനം തുടങ്ങിയവയുടെ ചെലവുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഹിക്കും.

നിലവിൽ കേരളത്തിൽ 78 നായപിടുത്തക്കാരെ വകുപ്പ് കണ്ടെത്തി. കൂടുതല് നായ്പിടിത്തക്കാരെ കണ്ടെത്തി പരിശീലനം നൽകുന്നതിനുള്ള നടപടികൾ തുടങ്ങി. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഇതിനായി ഇന്ത്യൻ മെഡിക്കൽ വെറ്ററിനറി അസോസിയേഷൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, റസിഡന്റ്സ് അസോസിയേഷൻ,‍ സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ സഹായത്തോടെ പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.