സർക്കാരിന്റെ ഇടപെടലിന്റെയും നേട്ടമാണ് ഇടുക്കി മെഡിക്കൽ കോളജിലുണ്ടായത് : മുഖ്യമന്ത്രി പിണറായി വിജയൻ 

 

തിരുവനന്തപുരം: സർക്കാരിന്റെ ദീർഘ വീക്ഷണത്തിന്റെയും കരുത്താർന്ന ഇടപെടലിന്റെയും നേട്ടമാണ് ഇടുക്കി മെഡിക്കൽ കോളജിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായിൻ വിജയൻ. സമയബന്ധിതമായി ഇടുക്കി മെഡിക്കൽ കോളജിലെ സൗകര്യങ്ങൾ ഉറപ്പു വരുത്തി നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് സർക്കാർ തലത്തിലുള്ള ഇടപെടൽ അതി ശക്തമായി നിലകൊണ്ടുവെന്ന് അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.

ഇടുക്കി സർക്കാർ മെഡിക്കൽ കോളജിൽ 100 എം.ബി.ബി.എസ് സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി കിട്ടിയതോടെ കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഗണ്യമായ പുരോഗതിയാണ് സാധ്യമാകുന്നത്. കൃത്യമായ ആസൂത്രണത്തോടെ കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് ഈ നേട്ടത്തിലേക്ക് ഇടുക്കി മെഡിക്കൽ കോളജ് എത്തിയിരിക്കുന്നത്.

യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ഇടുക്കി മെഡിക്കൽ കോളജിന് തുടക്കം കുറിച്ചതെങ്കിലും മതിയായ കിടക്കകളുള്ള ആശുപത്രിയോ, അക്കാദമിക് ബ്ലോക്കോ, വിദ്യാർഥികൾക്കോ ജീവനക്കാർക്കോ താമസിക്കുന്നതിനുള്ള സൗകര്യമോ, ആവശ്യമായ ജീവനക്കാരോ ഇല്ലാത്തതിനാൽ 2016ൽ എം.സി.ഐ. അംഗീകാരം റദ്ദാക്കി.

2015ൽ രണ്ടാമത്തെ ബാച്ച്‌ ഇടുക്കി മെഡിക്കൽ കോളജിൽ പഠനം ആരംഭിക്കുമ്പോൾ പരിമിത സൗകര്യം മാത്രമാണ്‌ അവിടെ ഉണ്ടായിരുന്നത്‌. ക്ലിനിക്കൽ പരിശീലനം നിർബന്ധമായിരുന്ന രണ്ടാംവർഷത്തെ പഠനം പ്രതിസന്ധിയായിരുന്നതായി വിദ്യാർഥികൾ തന്നെ വ്യക്തമാക്കിയിരുന്നു. എല്ലാ സൗകര്യവുമുറപ്പാക്കുമെന്നായിരുന്നു 2014ൽ അന്നത്തെ യു.ഡി.എഫ് സർക്കാർ വിദ്യാർഥികൾക്ക് ഉറപ്പു നൽകിയത്. എന്നാൽ ക്ലിനിക്കൽ പോസ്‌റ്റിങ്‌ പോലും ലഭിക്കാതെ വിദ്യാർഥികൾ പ്രതിസന്ധിയിലായിലാകുന്ന അവസ്ഥയായിരുന്നു.

2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്നുകണ്ട് ഇവിടെയുള്ള വിദ്യാർഥികളെ മറ്റ് മെഡിക്കൽ കോളജുകളിലേക്ക് മാറ്റി തുടർപഠനം ഉറപ്പാക്കുകയും അതിന് എം.സി.ഐ.യുടെ അംഗീകാരം നേടിയെടുക്കുകയും ചെയ്തു. അവിടെ നിന്നാണ് 100 എം.ബി.ബി.എസ് സീറ്റുകൾക്ക് അനുമതി നേടുന്ന ഇന്നത്തെ ഇടുക്കി മെഡിക്കൽ കോളജിലേക്കുള്ള യാത്ര ആരംഭിക്കുന്നത്.

എല്ലാതരത്തിലും മെഡിക്കൽ കോളജിന് മാറ്റം അനിവാര്യമായിരുന്നു. കൃത്യമായ സൗകര്യങ്ങളോടുകൂടിയ ആശുപത്രി, ആക്കാദമിക ബ്ലോക്ക്, ജീവനക്കാർ, വിദ്യാർഥികൾക്കും ജീവനക്കാർക്കുമുള്ള താമസ സൗകര്യങ്ങൾ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും സർക്കാർ ഉറപ്പാക്കി. അത്യാഹിത വിഭാഗം ആരംഭിച്ചു. കൂടുതൽ സൗകര്യങ്ങളോടെയാണ് ഒ.പി വിഭാഗം പുതിയ ആശുപത്രി സമുച്ഛയത്തിലേക്ക് മാറ്റിയത്.

മെഡിക്കൽ കോളജിന് അനുമതി ലഭിക്കാനാവശ്യമായ സജ്ജീകരണങ്ങളൊരുക്കി ആവശ്യമായ ജീവനക്കാരെ സർക്കാർ നിയമിച്ചിരുന്നു. ഇടുക്കി മെഡിക്കൽ കോളജിൽ പുതിയ കെട്ടിടം പൂർത്തീകരിച്ച് ഐ.പി ആരംഭിച്ചു.അന്ന് 50 എം.ബി.ബി.എസ് സീറ്റുകൾക്കാണ് അനുമതിയുണ്ടായിരുന്നെങ്കിൽ ഇന്നത് 100 സീറ്റുകളായി വർധിപ്പിക്കാൻ സാധിച്ചു. നടപടിക്രമങ്ങൾ വേഗത്തിലാക്കി ഈ വർഷം തന്നെ ക്ലാസുകൾ ആരംഭിക്കും.

സി.ടി സ്‌കാൻ, ഡിജിറ്റൽ എക്‌സറേ, മാമോഗ്രാം, കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി തുടങ്ങിയ അത്യാധുനിക പരിശോധനാ സംവിധാനങ്ങളൊടൊപ്പം രക്തത്തിലെ പ്ലാസ്മ വേർതിരിച്ച് സൂക്ഷിക്കാനുള്ള ജില്ലയിലെ ആദ്യത്തെ ബ്ലഡ് സെന്ററും ആരംഭിച്ചു. ഇനിയും കൂടുതൽ സൗകര്യങ്ങളൊരുക്കാനുള്ള ലക്ഷ്യത്തിലാണ് സർക്കാർ. ഹൈറേഞ്ചിൽ മികച്ച ആശുപത്രി സൗകര്യം യാഥാർഥ്യമാക്കുകയെന്ന വീക്ഷണത്തോടെയാണ് സർക്കാർ മുന്നോട്ട് നീങ്ങിയത്. മെഡിക്കൽ കോളജിന്റെ നൂനതകൾ ഘട്ടംഘട്ടമായി പരിഹരിച്ചാണ് നാഷണൽ മെഡിക്കൽ കമ്മീഷന് അനുമതിയ്ക്കായി ശ്രമിച്ചത്.