ഇടുക്കി ഡാം ഉടന്‍ തുറക്കും : മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് എറണാകുളം

 

ഇടുക്കി ഡാം തുറക്കുന്നതിന് മുന്നോടിയായി മുന്‍കരുതല്‍ നടപടികള്‍ എറണാകുളം ജില്ലയില്‍ സ്വീകരിച്ചു. എന്നാല്‍ പെരിയാറില്‍ ജലനിരപ്പ് താഴ്ന്ന് നിലക്കുന്ന സാഹചര്യത്തില്‍ ആശങ്ക പെടേണ്ട സാഹചര്യമില്ലന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. എങ്കിലും പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലയില്‍ മഴ മാറി തെളിഞ്ഞ കാലാവസ്ഥയായതോടെ ആശങ്ക ഒഴിഞ്ഞിട്ടുണ്ട്.

പെരിയാറിലെ ജലനിരപ്പ് നിലവില്‍ മുന്നറിയിപ്പ് ലെവലിലും ഏറെ താഴെയാണ്. മഴ മാറിനിന്നതും വേലിയിറക്കത്തെ തുടര്‍ന്ന് വെള്ളം കടല്‍ വലിച്ചതും ജലനിരപ്പ് താഴാന്‍ കാരണമായി. ഇടുക്കി ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇടുക്കി ഡാമില്‍ നിന്ന് വരുന്ന ജലം എത്തുന്ന ഡാമുകളും പെരിയാര്‍ നദിയും ഉദ്യോഗസ്ഥരുടെ പൂര്‍ണ നിരീക്ഷണത്തില്‍ ആണ്. ഇടുക്കി, എറണാകുളം ജില്ലകളിലെ വിവിധ വകുപ്പുകളും ഉദ്യോഗസ്ഥരും വിവരങ്ങള്‍ വിലയിരുത്തി നിരീക്ഷിക്കുകയാണ്.

ഡാം തുറക്കേണ്ടി വന്നാലും കുറഞ്ഞ അളവില്‍ ആയിരിക്കും വെള്ളം പുറത്തേക്ക് ഒഴുക്കേണ്ടി വരുക എന്നാണ് നിഗമനം. നിലവിലെ സാഹചര്യത്തില്‍ 500 ക്യൂമെക്‌സ്ജലം വരെ തുറന്ന് വിട്ടാലും പെരിയാറില്‍ കാര്യമായ മാറ്റമുണ്ടാവില്ല മാര്‍ത്താണ്ഡവര്‍മ്മ പാലത്തിന് സമീപം പെരിയാറിലെ ജലനിരപ്പ് 2.11 മീറ്ററും കാലടിയില്‍ 3.73 മീറ്ററും മംഗലപ്പുഴ ഭാഗത്തു 1.95 മീറ്ററുമാണ്. ഈ സ്ഥലങ്ങളില്‍ എല്ലാം ജലനിരപ്പ് അപകട നിലക്ക് താഴെയുമാണ്.

ഇടുക്കി ഡാം തുറക്കുന്ന പക്ഷം ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ മാത്രമേ ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരൂ. മാറ്റിപ്പര്‍പ്പിക്കേണ്ടവരുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ജില്ലാ ഭരണകൂടം ഇതിനകം തയ്യാറാക്കിയിട്ടുണ്ട്.