പിഎഫ്‌ഐ ഹര്‍ത്താല്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണമെന്ന് ഐഎന്‍എല്‍
 

 

തിരുവനന്തപുരം: പിഎഫ്‌ഐ ഹര്‍ത്താലുമായി ബന്ധപ്പെട്ട് സ്വത്ത് കണ്ടുകെട്ടല്‍ നടപടിക്ക് പോയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണമെന്ന ആവശ്യവുമായി ഐഎന്‍എല്‍ രംഗത്ത്. ഇടത് സര്‍ക്കാരിനെതിരെ ജനവിരുദ്ധ വികാരം ഉയര്‍ത്തിവിടാന്‍ യുഡിഎഫിന്റെയും ബിജെപിയുടെയും ചട്ടുകമായി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചോയെന്ന് സംശയിക്കേണ്ട സാഹചര്യമാണെന്നും ഐഎന്‍എല്‍ വഹാബ് വിഭാഗം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

കോടതി ഉത്തരവിന്റെ മറവില്‍ നിരപരാധികളും നേരത്തെ മരിച്ചു പോയവരും ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ എടുത്ത അന്യായമായ നടപടികള്‍ പുന:പരിശോധിക്കണമെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞത്. പൊതുമുതല്‍ നശിപ്പിക്കുന്നതിനെതിരെ കോടതിയുടെ ഇടപെടല്‍ അഭിനന്ദനര്‍ഹമാണ്. എന്നാല്‍ പ്രതികള്‍ക്കോ നടപടിക്ക് വിധേയമാകുന്നവര്‍ക്കോ നോട്ടീസ് പോലും നല്‍കേണ്ടതില്ലെന്ന കോടതി നിലപാട് നീതി രഹിതവും ജനാധിപത്യ വിരുദ്ധവുമാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ൗ ഉത്തരവിന്റെ മറവില്‍ നിരപരാധികളും ഹര്‍ത്താലിന് മാസങ്ങള്‍ക്കു മുന്‍പ് മരിച്ചു പോയവരുടേയും വീടുകള്‍ ജപ്തി ചെയ്ത ഉദ്യോഗസ്ഥ നടപടിയെയും പാര്‍ട്ടി നേതൃത്വം വിമര്‍ശിച്ചു. 

പിഎഫ്‌ഐ ഹര്‍ത്താലിന്റെ മറവില്‍ പൊതുമുതല്‍ നശിപ്പിച്ച സമാനമായ മുഴുവന്‍ കേസുകളിലും ഈ നിയമം നടപ്പിലാക്കാന്‍ കോടതി നിര്‍ദേശം നല്‍കുകയാണ് വേണ്ടതെന്നും സെക്രട്ടറിയേറ്റ്  ആവശ്യപ്പെട്ടു. കെ പി ഇസ്മയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍ കെ അബ്ദുല്‍ അസീസ് , ഓ പി ഐ കോയ , സി എഛ് മുസ്തഫ , അഡ്വ മനോജ് സി നായര്‍ , അഡ്വ. ഓ കെ തങ്ങള്‍ , അഡ്വ ജെ തംറൂക് , എ എല്‍ എം കാസിം , സമദ് നരിപ്പറ്റ , ശര്‍മ്മദ് ഖാന്‍ , ടി എം ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു.