വിഴിഞ്ഞം തുറമുഖ സമരത്തിൽ ഇടപെടാൻ ഗവർണർ : കേന്ദ്ര സർക്കാറിനെ വിവരം ധരിപ്പിക്കും

 

സംസ്ഥാന സർക്കാറുമായി ഏറ്റുമുട്ടലിന്റെ വക്കിൽ നിൽക്കുന്നതിനിടെ, വിഴിഞ്ഞം തുറമുഖത്തിനെതിരെയുള്ള സമരത്തിൽ ഇടപൊനൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഴിഞ്ഞം തുറമുഖ സമരത്തിനു നേതൃത്വം നൽകുന്ന ലത്തീൻ സഭാ നേതൃത്വവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂടിക്കാഴ്ച നടത്തി. തുറമുഖ നിർമാണത്തിലെ പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽകൊണ്ടുവരാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഗവർണർ ഉറപ്പു നൽകിയതായി ലത്തീൻ രൂപത വികാരി ജനറൽ ഫാ.യൂജിൻ പെരേര മാധ്യമങ്ങളോടു പറഞ്ഞു.

പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി ഗവർണർക്കു നിവേദനവും നൽകി. സമരസമിതി മുന്നോട്ടുവച്ച ഏഴ് ആവശ്യങ്ങളും ഗവർണർ അനുഭാവപൂർവം കേട്ടതായി യൂജിൻ പെരേര പറഞ്ഞു. കേന്ദ്ര ഇടപെടൽ ഉണ്ടാകാൻ ആകുന്നതെല്ലാം ചെയ്യാമെന്നും ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിക്കാമെന്നും ഗവർണർ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽനിന്നു മടങ്ങിയെത്തിയശേഷം സമരസമിതിയുമായി വീണ്ടും ചർച്ച നടത്താമെന്നാണു ഗവർണർ അറിയിച്ചിരിക്കുന്നത്.