കോവിഡ് കണക്ക് സമര്‍പ്പിക്കുന്നതിലെ വീഴ്ച ; കേരളത്തിന് കത്തയച്ച് കേന്ദ്രം

ഇടവേള വന്നതിനാല്‍ ഒറ്റദിവസം 90% കൂടുതല്‍ പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ടു ചെയ്തത്.
 
ഏപ്രില്‍ 13നു ശേഷം അഞ്ച് ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് കേരളം കണക്കുകള്‍ സമര്‍പ്പിച്ചതെന്നു കത്തില്‍ പറയുന്നു.

കോവിഡ് കണക്കുകള്‍ സമര്‍പ്പിക്കുന്നതില്‍ കേരളത്തിനു വീഴ്ച സംഭവിച്ചെന്നു കേന്ദ്രസര്‍ക്കാര്‍. സംസ്ഥാന ആരോഗ്യവകുപ്പിനു കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അയച്ച കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഏപ്രില്‍ 13നു ശേഷം അഞ്ച് ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് കേരളം കണക്കുകള്‍ സമര്‍പ്പിച്ചതെന്നു കത്തില്‍ പറയുന്നു.
കണക്കുകള്‍ സമര്‍പ്പിക്കുന്നതില്‍ ഇടവേള വന്നതിനാല്‍ ഒറ്റദിവസം 90% കൂടുതല്‍ പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ടു ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 165% കൂടി. തിങ്കളാഴ്ച, 2183 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 940 കേസുകളും കേരളത്തിലാണ്.
രാജ്യത്തു തിങ്കളാഴ്ച റിപ്പോര്‍ട്ടു ചെയ്ത 214 മരണങ്ങളില്‍ 213ഉം കേരളത്തിലാണ്. ഏപ്രില്‍ 14 മുതലുള്ള കണക്കുകള്‍ കേരളം ഒരുമിച്ച് സമര്‍പ്പിക്കുകയായിരുന്നു. ഞായറാഴ്ച, 1150 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച ഇത് ഇരട്ടിയോളം ആയതിനെത്തുടര്‍ന്നാണ് കേരളത്തിന്റെ വീഴ്ച ചൂണ്ടിക്കാട്ടി കേന്ദ്രം കത്തയച്ചത്.