വിമുക്തഭടനെ ക്കൊലപ്പെടുത്തിയ കേസ് : അച്ഛനും മകനും ഉൾപ്പെടെ 6 പേർ അറസ്റ്റിൽ

 


രാജകുമാരി : കേരള – തമിഴ്നാട് അതിർത്തിയിൽ ബോഡിനായ്ക്കന്നൂരിൽ വിമുക്തഭടനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അച്ഛനും മകനും ഉൾപ്പെടെ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബോഡിനായ്ക്കന്നൂർ സ്വദേശി മാരിമുത്തു (46), മകൻ മനോജ്കുമാർ (20), സുഹൃത്തുക്കളായ സുരേഷ് (45), മദൻകുമാർ (36), യുവരാജ് (19), മനോഹരൻ (47) എന്നിവരാണ് അറസ്റ്റിലായത്. പണമിടപാടുമായി ബന്ധപ്പെട്ട വാക്കുതർക്കത്തെത്തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണു ബോഡിനായ്ക്കന്നൂർ സ്വദേശി രാധാകൃഷ്ണനെ (71) ഹെഡ് പോസ്റ്റ് ഓഫിസിനു സമീപം പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്.

ബോഡിനായ്ക്കന്നൂർ കാമരാജ് ചാലൈയിൽ ലോഡ്ജ് നടത്തുന്ന രാധാകൃഷ്ണൻ പ്രതികളിലൊരാളായ മാരിമുത്തുവിനു പണം വായ്പ കൊടുത്തിട്ടുണ്ടെന്നും ഇതിന്റെ പലിശ സംബന്ധിച്ച തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നും പൊലീസ് പറഞ്ഞു. 

കേരള റജിസ്ട്രേഷനിലുള്ള ജീപ്പിലെത്തിയ സംഘമാണു കൊലപാതകം നടത്തിയതെന്നു ദൃക്സാക്ഷികൾ പൊലീസിനു മൊഴി നൽകിയിരുന്നു.

ഒളിവിൽ പോയ പ്രതികൾ തേനി ജില്ലാ കോടതിയിൽ കീഴടങ്ങാനെത്തിയപ്പോൾ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.