തൊഴിലുറപ്പ് പദ്ധതി: കൂലി  15 ദിവസത്തിനകം, വൈകിയാൽ നഷ്ടപരിഹാരം: മന്ത്രി എം ബി രാജേഷ്

 

തൊഴിലുറപ്പ് പദ്ധതിയുടെ കൂലി  15 ദിവസത്തിനകം  നൽകാനും കൂലി വൈകിയാൽ നഷ്ടപരിഹാരം നൽകാനുമുള്ള ചട്ടങ്ങൾ കേരളം രൂപീകരിച്ചതായി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നീർത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മുഴുവൻ നീർത്തടങ്ങളിലും സമഗ്ര നീർത്തട പരിപാലന പദ്ധതി തയ്യാറാക്കുന്നതിന്റെ   സംസ്ഥാന തല പ്രഖ്യാപനവും സമഗ്ര പദ്ധതി രേഖാ പ്രകാശനവും  കണ്ണൂർ ജില്ലയിലെ  പേരാവൂരിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഒരു ബ്ലോക്കിലെ മുഴുവൻ നീർത്തടങ്ങൾക്കും സമഗ്ര . നീർത്തട പരിപാലന പദ്ധതി തയ്യാറാക്കിയ ആദ്യ ബ്ലോക്ക് പഞ്ചായത്തായി പേരാവൂർ മാറിയതിന്റെ പ്രഖ്യാപനവും മന്ത്രി നിർവ്വഹിച്ചു.

തൊഴിലുറപ്പ് കൂലി വൈകിയാൽ കാരണക്കാരനായ ഉദ്യോഗസ്ഥനിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും മന്ത്രി പറഞ്ഞു. 
മണ്ണ് ജലസംരക്ഷണ കാർഷിക വികസന രംഗത്ത് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് കേരളത്തിന് മാതൃകയാണ്. തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തിയാണ് നീർത്തട വികസനം നടപ്പിലാക്കുന്നത്. 100 തൊഴിൽ ദിനങ്ങൾ നൽകുന്നതിലും വനിതാ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിലും കേരളം മുന്നിലാണ്. പട്ടികവർഗ്ഗ മേഖലയിൽ ട്രൈബൽ പ്ലസ് എന്ന പേരിൽ 200 ദിവസം തൊഴിൽ നൽകുന്നുണ്ട്. മണ്ണ് ജലസംരക്ഷണ കാർഷിക വികസനത്തിന് തൊഴിലുപ്പ് പദ്ധതി ഉപയോഗപ്പെടുത്തി പേരാവൂർ കേരളത്തിന് വഴി കാണിക്കുന്നു. കേരളം ഇന്ത്യക്ക് വഴികാട്ടുന്നു. ഈ പദ്ധതി ജനകീയമായി നടപ്പാക്കാനാണ് ഹരിത കേരള മിഷൻ തീരുമാനിച്ചത്.ഈ ക്യാംപെയിൻ കേരളത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കും-മന്ത്രി എം ബി രാജേഷ് പറഞ്ഞു. 

നീരുറവ് - ജലാജ്ഞലി എന്ന പേരിൽ ഹരിത കേരളം മിഷന്റെയും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് സമഗ്ര  നീർത്തട പരിപാലന പദ്ധതി തയ്യാറാക്കുന്നത്. നീർച്ചാൽ ശൃംഖലകൾ കണ്ടെത്തി ഓരോ നീർച്ചാലുകളിലും അവയുടെ വൃഷ്ടിപ്രദേശങ്ങളിലും അനുയോജ്യമായ പരിപാലന പ്രവൃത്തികൾ ഉൾപ്പെടുത്തിയ സമഗ്ര രേഖയാണ് തയ്യാറാക്കുന്നത്. കണ്ണൂർ ജില്ലയിൽ 664 ചെറു നീർത്തടങ്ങളാണ് ഉള്ളത്. ഇവയിൽ പേരാവൂർ ബ്ലോക്ക് പരിധിയിൽ ഉൾപ്പെട്ട 70  നീർത്തടങ്ങളുടെ  സമഗ്ര പദ്ധതി രേഖയാണ് ഇതിനകം  തയ്യാറാക്കിയത്. സമഗ്ര പദ്ധതി രേഖ കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി സി എം കൃഷ്ണൻ ഏറ്റ് വാങ്ങി.
 അഡ്വ. സണ്ണി ജോസഫ് എം എൽ എ   അധ്യക്ഷത വഹിച്ചു. നവ കേരളം കർമ്മപദ്ധതി സംസ്ഥാന കോ ഓർഡിനേറ്റർ ഡോ ടി എൻ സീമ മുഖ്യ പ്രഭാഷണം നടത്തി. തീം സോങ്ങ് പ്രകാശനം സി ഡബ്ല്യൂ ആർ ഡി എം എക്സിക്യുട്ടീവ് ഡയരക്ടർ ഡോ മനോജ് പി സാമുവൽ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ,പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രീത ദിനേശൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.പി വേണുഗോപാലൻ ( പേരാവൂർ), ആൻറണി സെബാസ്റ്റ്യൻ (കണിച്ചാർ ), സി ടി അനീഷ് (കേളകം), റോയി നമ്പുടാകം ( കൊട്ടിയൂർ ), ടി ബിന്ദു (മുഴക്കുന്ന് ), റിജി എം (കോളയാട് ), വി ഹൈമാവതി(മാലൂർ ) പേരാവൂർ ഗ്രാമപഞ്ചായത്തംഗം റജീന സിറാജ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ജോയിൻ്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ പി സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.