എന്താണ് തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബുകള്‍

 

സ്‌കൂളുകളിലെയും കോളേജുകളിലെയും തിരഞ്ഞെടുപ്പ് സാക്ഷരത ഉയര്‍ത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വപ്ന പദ്ധതിയാണ് തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ് അഥവാ ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ്. ഇലക്ട്രല്‍ ലിറ്ററസി ക്ലബ്ബുകളിലൂടെ യുവ വോട്ടര്‍മാരുടെ തിരഞ്ഞെടുപ്പ് പങ്കാളിത്തം ഉയര്‍ത്തുകയാണ് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യം വയ്ക്കുന്നത്.  രസകരമായ പ്രവര്‍ത്തനങ്ങളിലൂടെ വോട്ടറുടെ അവകാശങ്ങളെയും തിരഞ്ഞെടുപ്പ് പ്രക്രിയയെയും പരിചയപ്പെടുത്തുകയാണ് തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബുകളുടെ ലക്ഷ്യം. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ ക്ലബ്ബുകളുടെ ഭാഗമാവുക വഴി അവരില്‍ രാഷ്ട്രീയത്തിനതീതമായി നിഷ്പക്ഷമായി തിരഞ്ഞെടുപ്പ് അവബോധം വളര്‍ത്തുന്നതിനും കഴിയുന്നു.

ഇ.എല്‍.സി ക്ലബ്ബുകള്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതും, ഒപ്പം ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതുമാകണം. ഓരോ വോട്ടും വിലപ്പെട്ടതാണെന്നും ഒരു വോട്ടും പാഴാക്കരുതെന്നുമുള്ള സന്ദേശം പിന്തുടരാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതാണ് ഇഎല്‍സികളുടെ പ്രവര്‍ത്തനം. രസകരമായ ആക്ടിവിറ്റീസിലൂടെ, വോട്ടര്‍ പട്ടികയില്‍ എങ്ങനെ പേര് രജിസ്റ്റര്‍ ചെയ്യാം, വോട്ടെടുപ്പ് നടക്കുന്നത് എങ്ങനെ, വോട്ടിംഗ് മെഷിനുകളുടെ പ്രവര്‍ത്തനം തുടങ്ങി തിരഞ്ഞെടുപ്പ് പ്രക്രിയ വിശദമായി പരിചയപ്പെടുത്തുന്നതിനാണ് ഇ.എല്‍.സി ക്ലബ്ബുകള്‍.