കേന്ദ്ര സര്‍ക്കാരിന്റെ യുവജന വിരുദ്ധ നയത്തിന്റെ ഭാഗമാണ് അഗ്‌നിപഥ്: ഇ.പി ജയരാജന്‍

ബിജെപി അധികാരത്തില്‍ വന്നത് മുതല്‍ സ്വകാര്യവത്കരണം മാത്രമാണ് നടത്തുന്നതെന്നും ഇ.പി ജയരാജന്‍

 

അഗ്‌നിപഥ് പദ്ധതി രാഷ്ട്ര സേവനത്തിനായല്ല, ഒരു രാഷ്ട്രത്തെ തന്നെ നിര്‍വീര്യമാക്കുകയാണ് ലക്ഷ്യം.

കേന്ദ്ര സര്‍ക്കാരിന്റെ യുവജന വിരുദ്ധ നയത്തിന്റെ ഭാഗമാണ് അഗ്‌നിപഥ് പദ്ധതിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ബിജെപി അധികാരത്തില്‍ വന്നത് മുതല്‍ സ്വകാര്യവത്കരണം മാത്രമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളുടെ തൊഴിലില്ലായ്മ രാജ്യത്ത് പരിഹരിക്കപ്പെടുന്നില്ല. കോണ്‍ഗ്രസും ഇതെ പാതയിലാണ് സഞ്ചരിച്ചത്. അതുകൊണ്ടാണ് കോണ്‍ഗ്രസിന് അഗ്‌നിപഥിനെതിരായ സമരത്തില്‍ സജീവമാകാന്‍ സാധിക്കാത്തതെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു.

അഗ്‌നിപഥ് പദ്ധതി രാഷ്ട്ര സേവനത്തിനായല്ല, ഒരു രാഷ്ട്രത്തെ തന്നെ നിര്‍വീര്യമാക്കുകയാണ് ലക്ഷ്യം. ഇന്ത്യന്‍ മിലിട്ടറിയെ ആര്‍എസ്എസ് പിടികൂടിയിരിക്കുകയാണ്. ഈ നിയമം സേനയില്‍ ആര്‍എസ്എസിന് കടന്നുകയറാന്‍ വഴിയൊരുക്കുന്ന ഒന്നാണ്. അഗ്‌നിപഥ് പൂര്‍ണമായും പിന്‍വലിക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. എല്‍ഡിവൈഎഫിന്റെ നേതൃത്വത്തില്‍ രാജ് ഭവനിലേക്ക് നടന്ന ഉദ്യോഗാര്‍ഥികളുടെ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.