കോൺഗ്രസ് ഓഫീസുകൾക്ക് നേരെ സി.പി.ഐ.എം അഴിഞ്ഞാട്ടം; വി.ഡി സതീശൻ

 


കോൺഗ്രസ് ഓഫീസുകൾക്ക് നേരെ സിപിഐ എം അഴിഞ്ഞാട്ടമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷ നേതാവിന്റെ വീട്ടിലേക്ക് മുഖ്യമന്ത്രി ക്രിമിനലുകളെ പറഞ്ഞയക്കുന്നു. കന്റോൺമെന്റ് ഹൗസിലെത്തി അക്രമം നടത്തിയവരെ ജാമ്യത്തിൽ വിടുന്നു. പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് നേരെ നരനായാട്ടാണ് നടത്തുന്നത്. മുഖ്യമന്ത്രിയുടെ ഗൺമാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ നൽകിയത് കള്ളപ്പരാതിയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇതിനിടെ പ്രതിപക്ഷ നേതാവിനെ അപായപ്പെടുത്തുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് ഡിവൈഎഫ്‌ഐ പ്രകടനവുമായിയെത്തിയതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍ പറഞ്ഞു . പൊലീസ് ഒത്താശ ചെയ്യുകയാണ്. പൊലീസിന്റെ നിലപാടില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കണം. ഡിവൈഎഫ്ഐ-സിപിഎം ക്രിമിനലുകളെ നിലക്കുനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ കന്റോണ്‍മെന്റും ഹൗസും ക്ലീഫ് ഹൗസും തമ്മില്‍ അധിക ദൂരമില്ലെന്നത് ഓര്‍ക്കുന്നത് നല്ലതാണെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

പ്രതിപക്ഷ നേതാവ്, എ കെ ആന്റണി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ അപായപ്പെടുത്താന്‍ സിപിഐഎം ശ്രമിക്കുകയാണ്. കെപിസിസി, കന്റോണ്‍മെന്റ് ഓഫീസുകളിൽ നടന്നത് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ സാധിക്കില്ല. സിപിഐഎം-ഡിവൈഎഫ്ഐ പ്രതിഷേധം തടയുന്നതില്‍ പൊലീസിന് ഗുരുതര സുരക്ഷാ വീഴ്ച പറ്റിയെന്നും സുധാകരൻ ആരോപിച്ചു.