അസാനി നാളെ ആന്ധ്രാ തീരത്തേക്ക് ; കേരളത്തിലെ നാല് ജില്ലകളിൽ യെല്ലോ അലർട്

 

തിരുവനന്തപുരം: അസാനി ചുഴലിക്കാറ്റ് നാളെ ആന്ധ്രാ തീരത്തേക്ക് എത്തും. അടുത്ത 24 മണിക്കൂറിനുള്ളില്‍ കാറ്റിന്റെ തീവ്രത കുറയുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. കേരളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളിലും ഒഡീഷയിലും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ട്.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം തീരത്ത് നിന്ന് 570 കിലോ മീറ്റര്‍ അകലെയാണ് അസാനിയുടെ സ്‌ഥാനമെന്നാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ. നാളെ വൈകിട്ടോടെ, ആന്ധ്രാ തീരത്തിന് സമീപമെത്തും. വിശാഖപട്ടണം തീരത്തിന് സമീപം വെച്ച് ബംഗ്‌ളാദേശ് ലക്ഷ്യമാക്കി കാറ്റ് നീങ്ങി, തീവ്രത കുറഞ്ഞ ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് നിലവിലെ പ്രവചനം. ഈ സമയങ്ങളില്‍ ആന്ധ്രാപ്രദേശ്, ഒഡീഷ സംസ്‌ഥാനങ്ങളിലെ തീരദേശ മേഖകളില്‍ ശക്‌തമായ മഴക്ക് സാധ്യതയുണ്ട്.

ദുരന്തമുണ്ടായാല്‍ വേഗത്തില്‍ ഇടപെടുന്നതിനായി വിശാഖപട്ടണം കലക്‌ടറേല്‍ കണ്‍ട്രോണ്‍ റൂം തുറന്നു. കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 5 ദിവസം മഴ തുടരാനാണ് സാധ്യത. ചുഴലിക്കാറ്റിന്റെ സ്വാധീനമുള്ളതിനാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മല്‍സ്യ ബന്ധനം നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മൽസ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മൽസ്യ ബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.