നഗരസഭകളിലും കോര്‍പ്പറേഷനുകളിലും പി.എസ്.സി നിയമനങ്ങള്‍ അട്ടിമറിച്ച് കൂട്ട ആശ്രിതനിയമനം

 

തിരുവനന്തപുരം: നഗരസഭകളിലും കോര്‍പ്പറേഷനുകളിലും പി.എസ്.സി. നിയമനങ്ങള്‍ അട്ടിമറിച്ച് കൂട്ട ആശ്രിതനിയമനം.എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി സര്‍വീസ് സംഘടനകളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണിത്. പി.എസ്.സി. പരീക്ഷകളില്‍ റാങ്കുനേടി കാത്തിരിക്കുന്നവരുടെ അവസരമാണ് നഷ്ടമാകുന്നത്.

സര്‍ക്കാര്‍നിയമനങ്ങളില്‍ അഞ്ചുശതമാനംമാത്രമാണ് ആശ്രിതനിയമനം. ആശ്രിതനിയമനം ലഭിച്ചവരുടെ എണ്ണം ഏതെങ്കിലും കാരണത്താല്‍ കൂടിയാല്‍ അവരെ സൂപ്പര്‍ന്യൂമററിയായി നിലനിര്‍ത്തി ഊഴമനുസരിച്ചുമാത്രം സര്‍വീസില്‍ ഉള്‍പ്പെടുത്തണമെന്നാണ് വ്യവസ്ഥ.

ഒരുതസ്തികയില്‍ പകുതിലേറെ ആശ്രിതനിയമനമാകരുതെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍, പല കോര്‍പ്പറേഷനുകളിലും ആശ്രിത നിയമനം 70 ശതമാനം വരെയെത്തി. അതേസമയം, ത്രിതല പഞ്ചായത്തുകളില്‍ ഇത്തരം നിയമനം കുറവാണ്.