പുരാവസ്തു തട്ടിപ്പ് കേസ് : മോൻസൻ മാവുങ്കൽ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയിൽ

 

ദില്ലി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കല്‍ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചു.ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് സുപ്രീംകോടതിയിൽ എത്തിയത്. തനിക്കെതിരായ പീഡനക്കേസുകൾ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതെന്ന് ഹർജിയില്‍ ആരോപിക്കുന്നു. ജീവക്കാരിയുടെ കോടതിയിലെ മൊഴിയും ഐ പാഡിന്റെ ഫോറൻസിക് റിപ്പോർട്ടും ഹാജരാക്കിയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

കേസിൽ കൂട്ടുപ്രതി ആകുമെന്ന ക്രൈംബ്രാഞ്ച് ഭീഷണിയെ തുടർന്നാണ് പീഡന കേസിൽ യുവതി തനിക്കെതിരെ മൊഴി നൽകിയതെന്നും മോൻസന്‍ അപേക്ഷയില്‍ പറഞ്ഞു. മോൻസന്‍റെ വീട്ടിലെ ജോലിക്കാരിയുടെ മകളെ വിദ്യാഭ്യാസ സഹായ വാഗ്ദനം ചെയ്ത് പീഡനത്തിനിരയാക്കിയെന്നാണ് പൊലീസ് കണ്ടെത്തൽ. 2018 മുതൽ പ്രതി പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചതായി ക്രൈംബ്രാ‌ഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. മോൻസന്‍റെ മുൻ ജീവനക്കാർ അടക്കം ആകെ 36 സാക്ഷികളെയാണ്  കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്.