അനധികൃത മണ്ണെടുപ്പ് തടയാനെത്തിയ  ആനിക്കാട് പഞ്ചായത്ത് സെക്രട്ടറിയെ വാർഡു മെമ്പറുടെ നേതൃത്വത്തിൽ മർദിച്ചു

 

തിരുവല്ല: അനധികൃത മണ്ണെടുപ്പ് തടയാനെത്തിയ ആനിക്കാട് പഞ്ചായത്ത് സെക്രട്ടറിക്ക് വാർഡു മെമ്പറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ മർദ്ദനമേറ്റു. പഞ്ചായത്ത് സെക്രട്ടറി വി. രഞ്ജിത്തിനാണ് മർദനമേറ്റത്. പതിമൂന്നാം വാർഡ് മെമ്പർ മാത്യൂസ് കല്ലു പുരയ്ക്കലിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ഇവർ ആരോപിക്കുന്നു. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം.

പതിമൂന്നാം വാർഡിലെ പാമ്പാടിമൺ എന്ന സ്ഥലത്ത് കെട്ടിട നിർമാണത്തിന്‍റെ മറവിൽ അനധികൃത മണ്ണെടുപ്പ് നടക്കുന്ന വിവരം അറിഞ്ഞ് എത്തിയതായിരുന്നു രഞ്ജിത്ത്. സ്ഥലത്തെത്തിയ രഞ്ജിത്ത് മണ്ണെടുപ്പ് നിർത്തിവെക്കാൻ ആവശ്യപ്പെട്ടു. തുടർന്നാണ് വാർഡ് മെമ്പറും മകനും സഹോദരനും ചേർന്ന് രഞ്ജിത്തിനെ മർദ്ദിച്ചത്.

മർദ്ദനത്തിൽ നിന്ന് രക്ഷപ്പെടാൻ കാറിൽ ഓടിക്കയറിയ രഞ്ജിത്തിനെ വലിച്ചിറക്കിയും സംഘം മർദ്ദിച്ചു. കാറും അടിച്ചു തകർത്തു. മർദ്ദനത്തിൽ പരിക്കേറ്റ രഞ്ജിത്ത് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.