അമീർ സുൽത്താൻ അന്താരാഷ്ട്ര ജല പുരസ്കാരം മലയാളി ഗവേഷകന്

 

 

റിയാദ്: സൗദി അറേബ്യയിലെ അമീർ സുൽത്താൻ ഗവേഷണ കേന്ദ്രം ജലവുമായി ബന്ധപ്പെട്ട ഗവേഷണത്തിന് നൽകുന്ന അന്താരാഷ്ട്ര ജല പുരസ്‌കാരം മലയാളി ഗവേഷകന്. മലപ്പുറം പന്താവൂര്‍ സ്വദേശിയും മദ്രാസ് ഐ.ഐ.ടി പ്രഫസറുമായ ടി. പ്രദീപാണ് ഏകദേശം രണ്ടു കോടി രൂപ (2,66,000 ഡോളര്‍) സമ്മാനത്തുകയുള്ള പുരസ്‌കാരത്തിന് തെര​ഞ്ഞെടുക്കപ്പെട്ടത്. സെപ്റ്റംബര്‍ 12ന് ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.

നാനോ സാങ്കേതികവിദ്യ ഉപയോഗിച്ച് കുടിവെള്ളത്തില്‍നിന്ന് ആഴ്സനിക് വിഷാംശം നീക്കുന്നതിനുള്ള സംവിധാനം ആവിഷ്‌കരിച്ചതിനാണ് ടി. പ്രദീപിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. സൗദി അറേബ്യയുടെ മുൻ കിരീടാവകാശി അമീർ സുല്‍ത്താന്‍ ബിന്‍ അബ്ദുൽ അസീസ് 2002ലാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. പരിസ്ഥിതി, ജലം, മരുഭൂമി എന്നിവ സംബന്ധിച്ച ഗവേഷണത്തിന് റിയാദിലെ കിങ് സഊദ് യൂനിവേഴ്സിറ്റിയിൽ പ്രവർത്തിക്കുന്ന അമീർ സുൽത്താൻ റിസർച്ച് സെന്ററാണ് പുരസ്കാരം നൽകുന്നത്.

ടി. പ്രദീപിന്റെ ഗവേഷണസംഘത്തില്‍ അംഗങ്ങളായ ആവുള അനില്‍കുമാര്‍, ചെന്നു സുധാകര്‍, ശ്രീതമ മുഖര്‍ജി, അന്‍ഷുപ്, മോഹന്‍ ഉദയശങ്കര്‍ എന്നിവര്‍ക്ക് പ്രത്യേക പരാമര്‍ശവുമുണ്ട്. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍നിന്ന് ഭൗതിക രസതന്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയശേഷം ടി. പ്രദീപ് കാലിഫോര്‍ണിയ, ബെർക്കിലി, പര്‍ഡ്യു, ഇന്ത്യാന സര്‍വകലാശാലകളില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോയായിരുന്നു. ഇപ്പോള്‍ മദ്രാസ് ഐ.ഐ.ടിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഫസറും രസതന്ത്രം പ്രഫസറുമാണ്. 2020ല്‍ പദ്മശ്രീ ബഹുമതിക്ക് അർഹനായി.